ടെൽ അവീവ്: ഗാസ: ഗാസയിൽ കരയുദ്ധത്തിന് തുടക്കം കുറിച്ച് ഇസ്രയേൽ. നഗരം പൂർണ നിയന്ത്രണത്തിലാക്കാനാണ് കരസേനയുടെ നീക്കം. ഇതിനായി ബോംബാക്രമണവും ശക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന ഔദ്യോഗികമായി അറിയിച്ചു. ഗാസ മുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്പൂർണ സൈനിക നടപടിയെന്ന് വ്യക്തമാക്കും വിധത്തിലുള്ള ഒരു മാപ്പ് ഇസ്രയേൽ സേന എക്‌സിൽ പങ്കുവെച്ചിരുന്നു.
ഗാസയിൽ നിന്നും പിടികൂടിയ ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്നും മാറ്റിപാർപ്പിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ സൈനിക നടപടി തടയുന്നതിനാണ് ഈ നീക്കം. ബന്ദികളെ വീടുകളിലേക്കും ടെന്റുകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പലസ്തീനികൾ ഗാസ സിറ്റിയിൽ നിന്ന് ഗാസ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസയിൽ നിന്ന് പാലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുള്ളത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെ മാത്രം അറുപതിലേറെ പാലസ്‌തീൻ പൗരൻമാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസ സിറ്റിയിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങിയ സാഹചര്യത്തിൽ വീണ്ടും അഭയാർഥികൾ എത്തുന്നതോടെ വൻ ദുരന്തമാണ് ഗാസയെ കാത്തിരിക്കുന്നതെന്ന് സന്നദ്ധസംഘടനകൾ മുന്നറിയിപ്പു നൽകുന്നു. ഗാസ സിറ്റിയിലെ 5 ലക്ഷം കുട്ടികളെ സൗകര്യങ്ങളില്ലാത്ത തെക്കൻ തീരത്തേക്ക് തള്ളിവിടുന്നത് മനുഷ്യത്വരഹിതമാണെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടി.
അതേസമയം ഗാസയിലെ ജനതക്ക് നേരെയല്ല, ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രയേൽ സൈന്യം ആവർത്തിച്ച് വ്യക്തമാക്കി. തങ്ങളുടെ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രയേൽ പറഞ്ഞു. ഇസ്രയേലിൽ കടന്നുകയറി വംശഹത്യയ്ക്ക് ശ്രമിച്ച പാർട്ടിയാണ് ഹമാസ്. 1,200 പേരെയാണ് കൊന്നൊടുക്കിയത്. നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തു. കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും എല്ലാ ജൂതന്മാരെയും കൊല്ലുക എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തവരാണ് ഹമാസെന്നും ഇസ്രയേൽ പറഞ്ഞു.