വാഷിംഗ്ടൺ: ഗാസയില്‍ യുഎസിന്റെ ഇരുപതിന സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിനായി സമാധാന പദ്ധതി അവതരിപ്പിച്ചത്. വൈറ്റ്‌ഹൗസിൽ സംയുക്‌ത വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ‘യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നു. ഗാസയിൽ സമാധാനപരമായ സിവിലിയൻ ഭരണം ഉണ്ടാകും. ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും, ഒക്‌ടോബർ 7 മറക്കില്ല. ഇസ്രയേലിനെ ആക്രമിച്ചാൽ സമാധാനമുണ്ടാകില്ലെന്ന് ആ ദിനത്തിനു ശേഷം ശത്രുക്കൾക്കു മനസിലായിട്ടുണ്ട്. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ അതിന്റെ ജോലി പൂർത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഗാസയിൽ വെടിനിർത്തൽ കരാറിന് വളരെ അടുത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹമാസും ഇരുപതിന പദ്ധതി അംഗീകരിക്കണമെന്ന് വ്യക്തമാക്കിയ ട്രംപ് നിര്‍ദേശം തള്ളിയാല്‍ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രേയേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചു. 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം. ഗാസയുടെ പുനർനിർമാണത്തിന് തന്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയർ അതിൽ അംഗമാകുമെന്നും ട്രംപ് പറഞ്ഞു. രണ്ട് വര്‍ഷമായി തുടരുന്ന ഗാസ ഇസ്രയേല്‍ സംഘര്‍ഷം നിര്‍ത്തുന്നതിനും ബന്ദികളെ മോചിതരാക്കുന്നതിനുമായി തയ്യാറാക്കിയ 21 പോയിന്റ് പ്ലാനിനെ എല്ലാ കക്ഷികളും അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ‘എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം, ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു.
അതിനിടെ ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഖത്തറിനോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാപ്പു പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസില്‍ നിന്നും നടത്തിയ ടെലഫോണ്‍ സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞതെന്ന് അദ്ദേഹവുമായുളള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്ക്കിടെയാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയ്ക്ക് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ ലഭിച്ചത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്നാണ് നെതന്യാഹു പറഞ്ഞത്. നെതന്യാഹു പ്രസംഗിക്കാനായി വേദിയില്‍ കയറിയതോടെ കൂക്കിവിളിയുണ്ടായി. നിരവധി യുഎന്‍ പ്രതിനിധികള്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഗാസയിലെ സാധാരണക്കാരെ ലക്ഷ്യംവെച്ചിട്ടില്ലെന്നും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നുമാണ് നെതന്യാഹു പൊതുസഭയില്‍ പറഞ്ഞത്. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ മനപ്പൂര്‍വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില്‍ പട്ടിണിയുണ്ടാവുന്നതെന്നുമാണ് നെതന്യാഹു പറഞ്ഞത്.
ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയ ശേഷം ബെന്യാമിൻ നെതന്യാഹുവിന്റെ നാലാം യുഎസ് സന്ദർശനമാണിത്. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയിലുള്ള ചർച്ചയ്ക്കാണ് നെതന്യാഹു വൈറ്റ്ഹൗസിലെത്തിയത്.