Sunday, March 22, 2026
Home » ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; 108 പേർക്ക് പരുക്ക്
ഇസ്രായേൽ ഇറാൻ യുദ്ധം

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; 108 പേർക്ക് പരുക്ക്

by Editor
Send your news and Advertisements

ജറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം, നിരവധി പേർക്ക് പരുക്ക്. ആരാദ് (Arad), ഡിമോണ (Dimona) എന്നീ നഗരങ്ങളെയാണ് മിസൈലുകൾ ലക്ഷ്യമിട്ടത്. ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്. പരിക്കേറ്റവരെയെല്ലാം ബീർഷെബയിലെ സൊറോക മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 108 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആരാദിൽ മാത്രം ഒരു കെട്ടിടത്തിന് നേരിട്ട് മിസൈൽ ഏറ്റതിനെത്തുടർന്ന് 88 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. ഇസ്രയേലിൻ്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ നഗരത്തിലും മിസൈലുകൾ പതിച്ചു. ഇവിടെ ഏകദേശം 30-40 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 10 വയസ്സുള്ള ഒരു ബാലന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് ആരാദ് നഗരത്തിൽ സ്റ്റേറ്റ് ഓഫ് എമർജൻസി (അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ തിരച്ചിൽ തുടരുകയാണ്.

ഇറാന്റെ ആണവ കേന്ദ്രമായ നടാൻസിലുണ്ടായ ആക്രമണത്തിന് പകരമായാണ് ഈ മിസൈൽ വർഷമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഇസ്രയേലിൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഈ മിസൈലുകളെ തടയാൻ കഴിഞ്ഞില്ല എന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ‘ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ’ ആണ് ഇറാൻ പ്രയോഗിച്ചതെന്ന് ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സാമിർ പറഞ്ഞു. ഇറാന്റെ മിസൈൽ ശേഷി അത്യാധുനികമാണെന്ന് ഈ ആക്രമണത്തിലൂടെ വ്യക്തമായി.

വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് വെല്ലുവിളി. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നത് ആഗോള തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

അതേസമയം പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ ശക്തമായ നടപടികളുമായി ജി7 രാജ്യങ്ങൾ രംഗത്തെത്തി. ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സജ്ജമാണെന്ന് ജി7 രാജ്യങ്ങൾ പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി7 അംഗങ്ങൾ.

ഡീഗോ ഗാർഷ്യയ്ക്ക് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം.

You may also like

error: Content is protected !!