ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെയും ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായിട്ടുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ള ദ്വീപാണ് ഡീഗോ ഗാർഷ്യ.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളങ്ങളിൽ ഒന്നാണ് ഡീഗോ ഗാർഷ്യ. ഇറാൻ രണ്ട് ഇടത്തരം ദൂര പരിധിയിലുള്ള ബാലിസ്റ്റിക് മിസൈലുകൾ ഡീഗോ ഗാർഷ്യ ലക്ഷ്യമാക്കി വിക്ഷേപിച്ചതായി “ദി വാൾ സ്ട്രീറ്റ് ജേർണൽ” റിപ്പോർട്ട് ചെയ്യുന്നു. മിസൈലുകളിൽ ഒന്ന് യാത്രാമധ്യേ പരാജയപ്പെട്ടതായും രണ്ടാമത്തേത് ഒരു യുഎസ് യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഈ നീക്കങ്ങൾക്ക് മറുപടിയായി അമേരിക്കയും ശക്തമായ തിരിച്ചടി ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനിൽ നിന്നും ഏകദേശം 4,000 കിലോമീറ്റർ അകലെയാണ് ഡീഗോ ഗാർഷ്യ സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ മിസൈലുകളുടെ പരിധി 2,000 കിലോമീറ്റർ മാത്രമാണെന്ന് ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണം ഇറാന്റെ മിസൈൽ ശേഷി അതിലും വളരെ കൂടുതലാണെന്ന് വ്യക്തമാക്കുന്നു. ഇറാന്റെ സൈനിക ശേഷിയെ ഏതാണ്ട് ഇല്ലാതാക്കിയെന്നും അതിനാൽ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചതിന് ഇടയിലാണ് ഈ ആക്രമണം. ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക സഹായം നൽകാൻ നാറ്റോ സഖ്യം തയ്യാറായില്ലെന്ന് ട്രംപ് ആവർത്തിച്ചു.
ഇറാന്റെ മിസൈൽ ശേഷി കാര്യമായി നശിപ്പിക്കപ്പെട്ടെന്നാണ് ഇസ്രയേൽ വിലയിരുത്തലെങ്കിലും ഇപ്പോഴും ഗൾഫ് മേഖലയിൽ തുടരുന്ന ആക്രമണങ്ങൾ ഈ അവകാശവാദത്തിനു വിരുദ്ധമാണ്. 1200 കിലോമീറ്റർ അകലെ ചെങ്കടലിലെ യാൻബു എണ്ണതുറമുഖം വരെ ഇറാന്റെ ആക്രമണ പരിധിയിലാണ്. ഡീഗോ ഗാർഷ്യയ്ക്ക് പുറമെ ഇസ്രായേൽ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഇസ്രയേൽ, അമേരിക്കൻ ഉദ്യോഗസ്ഥരും സൈനിക ഓഫിസർമാരും ലോകത്തെവിടെയുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോലും സുരക്ഷിതരായിരിക്കില്ലെന്ന് ഇറാൻ സൈനികവക്താവ് മുന്നറിയിപ്പു നൽകി. പശ്ചിമേഷ്യക്കു പുറത്തും ഇറാൻ ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചനയാണിത്. അതിനിടെ സിറിയയിൽ നടത്തിയ ആക്രമണത്തിൽ സൈനിക കേന്ദ്രവും ആയുധ ഡിപ്പോയും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. മേഖലയിൽ യുദ്ധം രൂക്ഷമായി തുടരുകയാണെന്നും ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

