ജറുസലേം: ഇറാൻ ഇസ്രയേലിനെ ആക്രമിച്ചാൽ മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള വർധിച്ചു വരുന്ന സംഘർഷങ്ങൾക്കിടെ അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ പശ്ചിമേഷ്യൻ ഭാഗത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇറാന്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായാൽ ഇറാൻ ഇതുവരെ നേരിടാത്ത സൈനിക നടപടിയിലേക്ക് ഇസ്രയേൽ നീങ്ങുമെന്നും അത് ആ രാജ്യത്തിൻ്റെ അന്ത്യം കുറിയ്ക്കുമെന്നും നെതന്യാഹു പാർലമെന്റ് യോഗത്തിൽ വ്യക്തമാക്കി. ഭാവിയിൽ ഇറാന് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ഇറാന് പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാനാകില്ലെന്നും പറഞ്ഞ നെതന്യാഹു ഇസ്രയേൽ ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഗാസയിലെ യുദ്ധാനന്തര ഭരണം സംബന്ധിച്ച് അമേരിക്കൻ നേതൃത്വത്തിലുള്ള പദ്ധതികളുടെ ഭാഗമായി തുർക്കി-ഖത്തർ സൈനികരെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അധ്യക്ഷത വഹിക്കുന്ന സമാധാന സമിതിയിൽ തുർക്കി, ഖത്തർ ഉദ്യോഗസ്ഥരെ സാധ്യതയുള്ള പങ്കാളികളായി പരാമർശിച്ചിരുന്നു. ഗാസയിൽ തുർക്കിയുടെ ഏതെങ്കിലും വിധത്തിലുള്ള പങ്കാളിത്തത്തെ ഇസ്രയേൽ ആവർത്തിച്ച് എതിർത്തിട്ടുണ്ട്. കൂടാതെ ഖത്തറുമായി ഇസ്രയേൽ നല്ല ബന്ധത്തിലല്ല.
അതിനിടെ ഇറാൻ ഭരണകൂടം പ്രതിഷേധക്കാർക്ക് കീഴടങ്ങാൻ അന്ത്യശാസനം പുറപ്പെടുവിച്ചു. 72 മണിക്കൂറിനുള്ളിൽ കീഴടങ്ങാത്തവർക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ്റെ ദേശീയ പൊലീസ് മേധാവി അഹ്‌മദ്-റേസ റാദൻ ആണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. സമീപകാലത്തൊന്നും നേരിട്ടില്ലാത്ത രീതിയിലുള്ള പ്രതിഷേധത്തിനാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ സാക്ഷിയായത്. ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ച് 11 ദിവസങ്ങൾ പിന്നിടുകയാണ്. അതിനാൽ തന്നെ ഇറാനിലെ പ്രതിഷേധത്തിൻറെ വ്യാപ്തി എത്രയെന്ന കാര്യത്തിൽ കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.



