Thursday, January 29, 2026
Mantis Partners Sydney
Home » ഇറാൻ പ്രക്ഷോഭത്തിൽ 16,500 ലധികം പേർ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് മാധ്യമം; ഖമനയിയെ ആക്രമിച്ചാല്‍ തുറന്ന യുദ്ധമുണ്ടാകുമെന്നു യു എസിനു മുന്നറിയിപ്പ്.
ഇറാനില്‍ തെരുവിലിറങ്ങി ജനം; പ്രക്ഷോഭത്തിൽ നിരവധി മരണം

ഇറാൻ പ്രക്ഷോഭത്തിൽ 16,500 ലധികം പേർ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് മാധ്യമം; ഖമനയിയെ ആക്രമിച്ചാല്‍ തുറന്ന യുദ്ധമുണ്ടാകുമെന്നു യു എസിനു മുന്നറിയിപ്പ്.

by Editor

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ അമേരിക്ക ലക്ഷ്യം വെച്ചാല്‍ യുദ്ധത്തില്‍ അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖമനയിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന അഭൂഹങ്ങള്‍ക്കിടെയാണ് ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഖമനയിക്കെതിരെയുള്ള ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് മസൂദ് പെസെഷ്‌കിയാന്‍ എക്സ്സിൽ കുറിച്ചു. ഇറാനിലെ ഇപ്പോഴത്തെ ഭരണവിരുദ്ധ പ്രക്ഷോപങ്ങൾക്ക് കാരണം അമേരിക്കയാണെന്നും പെസെഷ്‌കിയാന്‍ കുറ്റപ്പെടുത്തി.

അതേസമയം ഇറാനിൽ ആളിപ്പടർന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം നടത്തിയ ക്രൂരതയിൽ 16,500 ലധികം പേർ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺഡേ ടൈംസ്’ റിപ്പോർട്ട്. ജനുവരി എട്ടിന് രാജ്യത്ത് ഇന്റർനെറ്റ് നിരോധിച്ചതിന് ശേഷമുള്ള രണ്ട് ദിവസങ്ങളിലാണ് കൂട്ടക്കൊല നടന്നത്. ഇറാനിയൻ ഡോക്‌ടർമാരുടെ ശൃംഖലയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഞെട്ടിക്കുന്ന കണക്കുകൾ ബ്രിട്ടീഷ് മാധ്യമം പുറത്തുവിട്ടത്. മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരാണ്. ഗർഭിണികളും കുട്ടികളും സൈന്യത്തിൻ്റെ തോക്കിനിരയായി. ഇറാനിലേക്ക് രഹസ്യമായി കടത്തിയ ‘സ്റ്റാർലിങ്ക്’ ഇൻ്റർനെറ്റ് ടെർമിനലുകൾ വഴിയാണ് ഈ വിവരങ്ങൾ പുറത്തു വന്നത്.

ഇറാനിയൻ സൈന്യത്തിലെ വിപ്ലവ സംരക്ഷണ സേനയും അർധ സൈനിക വിഭാഗമായ ബസീജ് ഫോഴ്‌സുമാണ് അടിച്ചമർത്തലിന് നേതൃത്വം നൽകിയത്. പരിക്കേറ്റവർക്ക് രക്തം നൽകാൻ പോലും സുരക്ഷാ സേന അനുവദിച്ചില്ല. ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നിരവധി പേർ മരിച്ചതായും റിപ്പോർട്ടിലുണ്ട്. പ്രമുഖ കായികതാരങ്ങളും ഡോക്‌ടർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബോക്‌സർ അർഷിയ അഹ്മദ്പോർ (18), തായ്ക്കോൺഡോ താരങ്ങളായ അമീർ ഹൊസെയ്ൻ ഷെകാരി, അമീർ മൊഹമ്മദ് കറാമി, 16-കാരനായ അബാൾഫസൽ ഹെയ്‌ദരി മൗസെലു, റേഡിയോളജിസ്റ്റ് മോന ഹൊസൈനി (54) തുടങ്ങിയവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കൂട്ടക്കൊല നടത്തിയെന്ന ആരോപണം ഇറാൻ സർക്കാർ നിഷേധിച്ചു.

അതിനിടെ ഇറാൻ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് പ്രക്ഷോഭകർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ തിരിഞ്ഞു. തങ്ങളുടെ പോരാട്ടത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്‌തു ഒടുവിൽ ഇറാൻ ഭരണകൂടവുമായി ഒത്തുതീർപ്പുണ്ടാക്കി ട്രംപ് തങ്ങളെ വഞ്ചിച്ചുവെന്നാണ് പ്രക്ഷോഭകരുടെ ആരോപണം. ട്രംപിന്റെ വാക്കുകൾ വിശ്വസിച്ച് തെരുവിലിറങ്ങിയ തങ്ങളെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഇറാനിയൻ ജനത കുറ്റപ്പെടുത്തുന്നു. അമേരിക്കൻ സഹായം ഉടൻ ഇറാനിലെത്തുമെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ ആക്രമണമുണ്ടായാൽ സൈനികമായി നേരിടാൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

ട്രംപിന്റെ ഈ വാക്കുകൾ അമേരിക്കൻ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പായി ഇറാനിലെ ജനങ്ങൾ കണക്കാക്കി. ഇതോടെയാണ് ലക്ഷക്കണക്കിന് ആളുകൾ ജീവൻ പണയപ്പെടുത്തി തെരുവിലിറങ്ങിയത്. എന്നാൽ സമരത്തിന് നേരെ ഇറാൻ ഭരണകൂടം വെടിവെപ്പും ആശയവിനിമയ സംവിധാനങ്ങൾ തടയുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചതോടെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു. കൊലപാതകങ്ങളും വധശിക്ഷകളും നിർത്താമെന്ന് ഇറാൻ നേതൃത്വം തനിക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും അതിനാൽ സൈനിക നീക്കം ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ മരണത്തിന് ട്രംപിനും ഉത്തരവാദിത്തമുണ്ടെന്ന് പ്രക്ഷോഭകർ വ്യക്തമാക്കുന്നു. ട്രംപിൻ്റെ ‘സജ്ജമാണ്’ എന്ന പോസ്റ്റ് കണ്ടാണ് പലരും ഭയമില്ലാതെ തെരുവിലിറങ്ങിയതെന്ന് അവർ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമായി മാറി. ഇറാന്‍റെ വടക്കു പടിഞ്ഞാറൻ കുർദിഷ് മേഖലകളിലാണ് പ്രക്ഷോഭം ഏറ്റവും ശക്തമെന്നും അവിടെയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നും അധികൃതർ വ്യക്തമാക്കുന്നു. ഇറാഖിൽ നിന്ന് സായുധ കുർദിഷ് ഗ്രൂപ്പുകൾ അതിർത്തി കടക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സേന പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

അതേസമയം പ്രതിഷേധക്കാര്‍ ഇനിയും കൊല്ലപ്പെടുകയോ വധശിക്ഷയ്‌ക്ക് വിധേയരാകുകയോ ചെയ്താല്‍ വാഷിങ്ടണിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഖമേനിക്കാണ്. ഇറാനില്‍ പുതിയ നേതൃത്വത്തെ അന്വേഷിക്കേണ്ട സമയമാണിതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച്‌ യു.എസ്; ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ 5000 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ

Send your news and Advertisements

You may also like

error: Content is protected !!