ടെഹ്റാൻ: അറുപത് ലക്ഷം ലിറ്റർ ഡീസൽ അനധികൃതമായി കടത്തി എന്നാരോപിച്ച് ഒമാൻ ഉൾക്കടലിൽ വിദേശ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തു. ഇന്ത്യ. ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 18 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. വെള്ളിയാഴ്ച ഇറാൻ്റെ സമുദ്രാതിർത്തിക്കുള്ളിൽ തെക്കൻ തുറമുഖ നഗരമായ ജാസ്‌കിന് സമീപമായിരുന്നു സംഭവം. ഇറാൻ റെവല്യൂഷണറി ഗാർഡാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ ഏത് രാജ്യത്തിൻ്റേതാണെന്നോ ഉടമസ്ഥർ ആരാണെന്നോ ഇറാൻ വ്യക്തമാക്കിയിട്ടില്ല. കപ്പൽ ഇന്ധന കള്ളക്കടത്ത് ദൗത്യത്തിൻ്റെ ഭാഗമാണെന്ന് ഇറാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർ പറഞ്ഞു. കപ്പലിന് ആവശ്യമായ രേഖകളില്ല. സ്ഥാനം ട്രാക്ക് ചെയ്യപ്പെടാതിരിക്കാൻ കപ്പലിലെ എല്ലാ നാവിഗേഷൻ സംവിധാനങ്ങളും ബോധപൂർവ്വം ഓഫ് ചെയ്തെന്നും അവർ ആരോപിച്ചു.
ഇറാനുമായി ബന്ധമുള്ള എണ്ണക്കപ്പൽ വെനസ്വേല തീരത്ത് നിന്ന് അമേരിക്ക അടുത്തിടെ പിടിച്ചെടുത്തിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണോ ഒമാൻ ഉൾക്കടലിൽ നിന്ന് ഇറാൻ കപ്പൽ പിടിച്ചെടുത്തതെന്ന സംശയവും ഉയരുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയും ഉപരോധങ്ങളെയും മറികടന്ന് രഹസ്യമായി എണ്ണ കടത്താൻ ഉപയോഗിക്കുന്ന കപ്പലുകൾ ഉടമസ്ഥാവകാശവും സ്ഥാനവും മറച്ചുവച്ച് സഞ്ചരിക്കാറുണ്ട്. ഇറാന്റെ ഉയർന്ന സബ്‌സിഡി നിരക്കും കുറഞ്ഞ ആഭ്യന്തര വിലയും കണക്കിലെടുത്ത് മേഖലയിൽ ഇന്ധന കള്ളക്കടത്ത് വ്യാപകമാകുന്നെന്നാണ് ആരോപണം. ഇക്കാരണത്താൽ ഇതിന് മുമ്പും ഇറാൻ കപ്പലുകൾ പിടിച്ചെടുത്തിട്ടുണ്ട്.
യുഎഇയിൽ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പലും കഴിഞ്ഞമാസം ഇറാൻ ഹോർമുസ് കടലിടുക്കിന് സമീപംവച്ച് പിടിച്ചെടുത്തിരുന്നു. മാർഷൽ ഐലൻഡ്‌സ് റജിസ്ട്രേഷനുള്ള ‘ടലാറ’ എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. രാജ്യാന്തര കപ്പൽപാതയിലായിരുന്ന ടലാറയെയാണ് ഇറാൻ സേന പിടിച്ചെടുത്തതെന്ന് യുഎസ് പ്രതിരോധ സേന ആരോപിച്ചിരുന്നു. കപ്പൽ തട്ടിയെടുത്ത നടപടി ഇറാൻ ഭരണകുടത്തിന്റെ അറിവോടെയാണെന്ന ആരോപണവുമായി ബ്രിട്ടീഷ് സൈന്യത്തിന് കീഴിലെ യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും രംഗത്തെത്തിയിരുന്നു.



