ടെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ ഭരണകൂടം സമാധാന ഉപാധികൾ മുന്നോട്ടുവെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പാകിസ്ഥാൻ അധികൃതരുമായും നടത്തിയ ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര തലത്തിലുള്ള അവകാശങ്ങളും അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി അംഗീകരിക്കണം. ഫെബ്രുവരി 28 മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇറാന് ഉണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങൾക്ക് കൃത്യമായ പരിഹാരം നൽകണം. ഭാവിയിൽ ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രായേലും രേഖാമൂലം ഉറപ്പ് നൽകണം എന്നൊക്കെയാണ് ഉപാധികൾ. എന്നാൽ, ഇറാൻ ഉപാധികൾ അംഗീകരിക്കാൻ അമേരിക്കയും ഇസ്രായേലും തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
അതേസമയം യുദ്ധം അതിന്റെ പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും മേഖലയിൽ സംഘർഷം രൂക്ഷമാണ്. യുഎസ് ഇസ്രയേൽ ആക്രമണം ശക്തമാകുമ്പോഴും മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. എഞ്ചിൻ തകർന്ന തായ് കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തി. കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാൻ്റെ 16 കപ്പലുകൾ തകർത്തതായി യുഎസ് അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് തകർത്ത കപ്പലുകളുടെ എണ്ണവും കപ്പലുകളുടെ ദൃശ്യങ്ങളും അമേരിക്കൻ സൈന്യം പുറത്തുവിട്ടത്.
ഇറാനുമായുള്ള യുദ്ധത്തിൽ 150 യുഎസ് സൈനികർക്കു പരുക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. പരുക്കേറ്റവരുടെ കണക്കുകൾ ആദ്യമായാണ് പുറത്തുവരുന്നത്. 8 പേർക്ക് പരുക്കേറ്റെന്നാണ് പെന്റഗൺ ഇതുവരെ പറഞ്ഞിരുന്നത്. ഏകദേശം 140 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പെന്റഗൺ പിന്നീട് വിശദീകരിച്ചു. ഇതിൽ 108 പേർ ജോലിയിൽ തിരികെയെത്തി. 8 പേരുടെ പരുക്ക് ഗുരുതരമാണ്. ഇതുവരെ 7 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബഹ്റൈൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഇറാൻ്റെ ഡ്രോൺ, മിസൈൽ വർഷം. 2 സൈനികർ ഉൾപ്പെടെ യുഎഇയിൽ കൊല്ലപ്പെട്ടവർ 6 ആയി. ദുബായ് വിമാനത്താവളത്തിനു സമീപത്ത് ഡ്രോണുകൾ വെടിവച്ചിട്ട് യുഎഇ സൈന്യം. ഡ്രോണിൻ്റെ ഭാഗങ്ങൾ പതിച്ച് ഇന്ത്യക്കാരനുൾപ്പെടെ നാലുപേർക്കു പരുക്കേറ്റു. ഇതിൽ ഒരാൾ ബംഗ്ലദേശിയും മറ്റു രണ്ടുപേർ ഘാനക്കാരുമാണ്. അബുദാബി പഴയ വിമാനത്താവളത്തിൽ ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തമുണ്ടായി. തീപിടുത്തത്തില്‍ ആളപായമില്ല.
ഇറാഖിലെ തുറമുഖത്തിൽ രണ്ട് വിദേശ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ഒരാൾ മരിച്ചതായും 38 പേരെ രക്ഷപ്പെടുത്തിയതായും ഇറാഖ് സൈന്യം അറിയിച്ചു. ഇറാഖിന്റെ സമുദ്രപരിധിയിലാണ് ആക്രമണം ഉണ്ടായത്. ഇറാനിയൻ ബോട്ടുകളാണ് ആക്രമണത്തിനു പിന്നിെലന്ന് ഇറാഖ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള 100-ലധികം റോക്കറ്റുകൾ വിക്ഷേപിച്ചു; അഞ്ച് പേർക്ക് പരിക്ക്.


