ദോഹ: ഖത്തറിലെ പ്രധാന ഊർജ്ജ കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ഇറാൻ തൊടുത്തുവിട്ട അഞ്ച് ബാലസ്റ്റിക് മിസൈലുകളിൽ നാലെണ്ണം ഖത്തർ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. എന്നാൽ ഒരു മിസൈൽ റാസ് ലഫാൻ ഊർജ്ജ കേന്ദ്രത്തിൽ പതിക്കുകയും അവിടെ വലിയ തീപിടുത്തവും കനത്ത നാശനഷ്ടങ്ങളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഖത്തർ എനർജിയുടെ (QatarEnergy) റിപ്പോർട്ട് പ്രകാരം പ്ലാന്റിലെ സൗകര്യങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് ഖത്തറിലെ ഇറാന്റെ മിലിട്ടറി, സെക്യൂരിറ്റി അറ്റാഷെമാരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശിച്ചു. ഇറാന്റെ ‘സൗത്ത് പാഴ്സ്’ ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പകരമായി ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ പ്രകൃതി വാതക കേന്ദ്രങ്ങളിൽ ഇസ്രയേൽ ഇന്നലെ ആക്രമണം നടത്തിയിരുന്നു. സൗത്ത് പാർസിലും ബുഷെഹർ പ്രവിശ്യയിലും ഉള്ള പ്രകൃതി വാതക കേന്ദ്രങ്ങളിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയത്. ഇതേത്തുർന്നാണ് ഇറാന്റെ തിരിച്ചടി.
തങ്ങളുടെ വ്യോമസേന ഇറാനിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിൽ വരും മണിക്കൂറുകളിൽ ആക്രമണമുണ്ടാകുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ് നൽകിയിരുന്നത്. സൗദി അറേബ്യയിലെ എസ്.എ.എം.ആർ.ഇ.എഫ് റിഫൈനറി, ജുബൈൽ പെട്രോ കെമിക്കൽ കോംപ്ളക്‌സ്, യുഎഇയിലെ അൽ ഹുസൈൻ എണ്ണ സംഭരണ ശാല, ഖത്തറിലെ ലാസ് റഫൻ എണ്ണ ശുദ്ധീകരണ ശാല, മെസൈദ് പെട്രോ കെമിക്കൽ കോംപ്ളക്സ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ ചില പ്രകൃതി വാതക കേന്ദ്രങ്ങൾ തകർക്കപ്പെട്ടെന്നും എന്നാൽ ആൾ നാശം ഉണ്ടായില്ലെന്നും ഇറാൻ വ്യക്തമാക്കി.
യുഎഇ, സൗദി അറേബ്യ തുടങ്ങിയ അയൽരാജ്യങ്ങൾ ഖത്തറിന് നേരെയുണ്ടായ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. അതേസമയം യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിൽ ആക്രമണം ശക്തമാക്കി ഇസ്രയേലും അമേരിക്കയും. കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിൽ ഇറാൻ ഇൻ്റലിജൻസ് മന്ത്രി ഇസ്‌മയിൽ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. അമേരിക്കൻ ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 1,300 ലധികം ആളുകൾ മരിച്ചതായാണ് ഇറാൻ കണക്കാക്കുന്നത്. എന്നാൽ മരണ സംഖ്യ 1,850 കടന്നിരിക്കാമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇറാഖിലെ എർബിലിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ പോരാട്ടം നടക്കുന്ന ലെബനനിലും മരണസംഖ്യ ഉയരുകയാണ്. ലെബനനിൽ ഇതുവരെ 773 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്നലെ മധ്യ ബെയ്റൂട്ടിലെ സുഖാഖ് അൽ ബ്ലാറ്റിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. അതിനിടെ ഗാസയിൽ ഹമാസ് കമാൻഡർ യഹിയ അബു ലബ്‌ദയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം സെൻട്രൽ ഇസ്രയേലിൽ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മരിച്ചവർ ദമ്പതികളാണ്. വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് തൊടുത്ത മിസൈലിനെ വ്യോമ പ്രതിരോധ സംവിധാനം തകർത്തപ്പോൾ മറ്റൊരു മിസൈൽ സെൻട്രൽ ഇസ്രയേലിൽ പതിച്ചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.


