കൈകളിൽ ചുണ്ണാമ്പിന്റെ വെളുപ്പ്
കണ്ണുകളിൽ അകലെ നിന്ന വീടുകളുടെ ഓർമ്മ
റെയിൽവേ സ്റ്റേഷനിൽ
ഒരു സംസ്ഥാനം നിശ്ശബ്ദമായി വിടപറയുന്നു.
ഇന്നലെ വരെ
നമ്മുടെ മേൽക്കൂരകളായിരുന്നു അവരുടെ ആകാശം,
നമ്മുടെ നഗരങ്ങൾ
അവരുടെ ഉറക്കമില്ലാത്ത വിയർപ്പിന്റെ മാപ്പ്.
“ഭായി” എന്ന് വിളിച്ച നാവുകൾ
ഇന്ന് മൗനമായി മടങ്ങുന്നു.
പിന്നിൽ ബാക്കി
പൂർത്തിയാകാത്ത കെട്ടിടങ്ങൾ,
തകർന്ന സമയക്രമങ്ങൾ,
മുറിഞ്ഞ വികസനസ്വപ്നങ്ങൾ.
കേരളം ചോദിക്കുന്നു..
ആരാണ് പണിയുക ഇനി
ഈ ചുമരുകളുടെ ആത്മാവ്?
ആരാണ് ചുമക്കുക
നമ്മൾ വിട്ടൊഴിഞ്ഞ കഷ്ടപ്പാടുകൾ?
ഇത് ഒരു വിടവാങ്ങൽ മാത്രമല്ല,
ഇത് ഒരു മുന്നറിയിപ്പാണ്,
മനുഷ്യനെ മാറ്റി വെച്ച്
സംസ്ഥാനങ്ങൾക്ക്
ഒറ്റയ്ക്ക് വളരാൻ കഴിയില്ല.
വണ്ടി നീങ്ങുമ്പോൾ
പാതയിൽ പതിയുന്നത്
ഒരു ചോദ്യം മാത്രം:
നമ്മൾ നഷ്ടപ്പെടുത്തുന്നത്
തൊഴിലാളികളെയോ
നമ്മളെയോ?
ലീലാമ്മ തോമസ് ബോട്സ്വാന
തിരിച്ചുപോക്ക് വര്‍ദ്ധിച്ചത് ആറ് മാസത്തിനിടെ: കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് ഭായിമാര്‍ നാടുവിടുന്ന പതിവ് വ്യാപകമാകുകയാണ്. ഒറ്റയ്ക്ക് വന്നവരും കുടുംബത്തോടെ വന്നവരും എല്ലാം വാരിക്കെട്ടി സംസ്ഥാനത്തോട് സലാം പറഞ്ഞ് മടങ്ങുന്നു. 2025 അവസാനത്തോടെ ആരംഭിച്ചതാണ് ഈ തിരിച്ചുപോക്ക്. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ഇതിനോടകം സ്വന്തം നാട്ടില്ലേക്ക് ചേക്കേറി. പണ്ട് കാലത്തെ അപേക്ഷിച്ച് സ്വന്തം നാട്ടിൽ തന്നെ മെച്ചപ്പെട്ട ശമ്പളത്തോടെ ദിവസേന തൊഴിൽ ലഭിക്കുന്നതാണ് പലരും കേരളം വിടുന്നതിന് പ്രധാന കാരണം.
കേരളത്തിൽ മാത്രമല്ല ഈ പ്രതിസന്ധിയെന്നതാണ് മറ്റൊരു കാര്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെല്ലാം തൊഴിലാളികളുടെ പലായനം തുടരുകയാണ്. ബംഗാളിൽ നിന്നുള്ല തൊഴിലാളികളാണ് കൂടുതലായി മടങ്ങിയത്. കേരളത്തോടൊപ്പം അടുത്തമാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ. അവിടെ വോട്ടർപട്ടിക പരിഷ്‌കാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ പേര് വെട്ടിയേക്കുമെന്ന ഭയത്താലാണ് പലരും ബംഗാളിലേക്ക് തിരികെ പോകുന്നത്.
കേരളത്തിലെ പല മേഖലകളുടെയും പ്രവർത്തനം ഇതരസംസ്ഥാന തൊഴിലാളികളിൽ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. നിർമാണം, കൃഷി, മത്സ്യബന്ധന അനുബന്ധ ജോലികൾ, ഹോട്ടൽ-റസ്റ്റോറൻ്റ് മേഖല, ചെറുകിട വ്യവസായങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇവരുടെ പങ്ക് നിർണായകമാണ്. അതുകൊണ്ട് തന്നെ ഇവരുടെ മടങ്ങിപ്പോക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

