Sunday, March 29, 2026
Home » അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ ആറാം തവണയും കിരീടം നേടി.
അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ ആറാം തവണയും കിരീടം നേടി.

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ ആറാം തവണയും കിരീടം നേടി.

by Editor
Send your news and Advertisements

ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ആറാം തവണയും കിരീടം നേടി. ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമാണ് നേടാനായത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് നേടിയത്. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 80 പന്തില്‍ 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ച്വറി നേടിത്തിളങ്ങി.

സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്‌സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇരുവരും 142 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ മാത്രെ മടങ്ങി. അലക്‌സ് ഗ്രീനിന്റെ പന്തില്‍ മയേസിന് ക്യാച്ച്. വൈഭവിന് ശേഷം വേദാന്ത് (32), വിഹാല്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ടു (40) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പുരത്തെടുത്തു. കനിഷ് ചൗഹാന്‍ 20 പന്തില്‍ പുറത്താവാതെ നേടിയ 37 റണ്‍സ് സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചു. ദീപേഷ് ദേവേന്ദ്രന്‍ (0) പുറത്താവാതെ നിന്നു. ആര്‍എസ് ആംബ്രിഷ് (18), ഖിലന്‍ പട്ടേല്‍ (3), ഹെനില്‍ പട്ടേല്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജെയിംസ് മിന്റോ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. സെബാസ്റ്റിയന്‍ മോര്‍ഗന്‍, അലക്‌സ് ഗ്രീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവുരും പുറത്തായി. 115 റണ്‍സ് നേടിയ കലേബ് ഫാല്‍കോണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ ഡോക്കിന്‍സ് 66 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ആര്‍ എസ് ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

You may also like

error: Content is protected !!