വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർക്കപ്പെട്ടുവെന്ന പാക്കിസ്ഥാൻ പ്രചരണം തെറ്റെന്നും ഇതിന് പിന്നിൽ ചൈനയാണെന്നും യു.എസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ റിപ്പോർട്ട്. എഐ നിർമിത ചിത്രങ്ങളും വിവരങ്ങളുമുപയോഗിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപക പ്രചരണമാണ് ചൈന നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. യു.എസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ യു.എസ് കോൺഗ്രസിന് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന ഫ്രഞ്ച് നിർമിത റഫാൽ യുദ്ധ വിമാനങ്ങളുടെ ആഗോള വിപണി സാധ്യതകളെ തകർക്കുക എന്നതായിരുന്നു ചൈനയുടെ പ്രധാന ലക്ഷ്യം. ചൈനീസ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ, ഫ്രഞ്ച് വിമാനങ്ങളെ നശിപ്പിച്ചതായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഇതിലൂടെ ചൈനയുടെ യുദ്ധ വിമാനമായ ജെ 35 ൻ്റെ വിപണി സാധ്യതകൾ വർധിപ്പിക്കാനും ശ്രമിച്ചു. ഇതിനായി റഫാൽ വിമാനത്തിൻ്റെ അവശിഷ്‌ടങ്ങളെന്ന തോന്നിക്കുന്ന എഐ നിർമിത ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ചൈന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചു. നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലില്ലാതെ ഭൗമ രാഷ്ട്രീയ ഫലങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമാണിതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, ഇത് ചൈനയുടെ ഗ്രേ സോൺ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ സാധാരണക്കാരായ 26 പേർ മരിച്ചതിന് മറുപടിയായാണ് ദിവസങ്ങൾക്കകം മേയ് മാസത്തിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപടി ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ പല ഭീകര കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും വ്യോമ താവളങ്ങളും ആക്രമിച്ചു. പ്രത്യാക്രമണത്തിനായി പാക്കിസ്ഥാൻ ഉപയോഗിച്ചതിൽ കൂടുതലും ചൈനയുടെ ആയുധങ്ങളായിരുന്നു. ഇന്ത്യയുടെ ആയുധങ്ങളുടെ മികവും പാക് കൈവശമുള്ള ആയുധങ്ങളുടെ ദയനീയതയും ഈ സമയം ലോകമാകെ ചർച്ചയായി. ഇന്ത്യയുടെ സൈനിക നില മെച്ചപ്പെട്ടതിന് പിന്നാലെയാണ് ചൈന വ്യാജ പ്രചാരണങ്ങൾ ആരംഭിച്ചത്. ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ ആയുധങ്ങളുടെ മേന്മ ഉയർത്തിക്കാട്ടാനുള്ള അവസരമായി ചൈന വിനിയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.



