ന്യൂഡൽഹി: കരസേന, വ്യോമസേന, നാവികസേന എന്നിവയെ ഏകോപിപ്പിച്ച് സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ. ‘ത്രിശൂൽ ‘എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസം ഒക്ടോബർ 30 മുതൽ നവംബർ 10 വരെ രാജസ്ഥാൻ, ഗുജറാത്ത് അതിർത്തി മേഖലയിലാണ് നടക്കുന്നത്.
അതിർത്തിയിലെ പ്രവർത്തന സജ്ജത നിലനിർത്താനുള്ള ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഈ സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ, വിമാനങ്ങൾക്ക് താൽകാലിക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച് വ്യോമസേനാധികാരികളെയും പൈലറ്റുമാരെയും അറിയിച്ചുകൊണ്ട് ഇന്ത്യ NOTAM (Notice to Airmen) പുറത്തിറക്കി.
അതേസമയം ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്ഥാൻ. ഒക്ടോബർ 28, 29 ദിവസങ്ങളിലാണ് മധ്യ, തെക്കൻ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ കാരണം പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സൈനികാഭ്യാസത്തിനോ ആയുധപരീക്ഷണത്തിനോ ഉള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടികാട്ടുന്നത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ ഓരോ സൈനിക നടപടിയും പാക്കിസ്ഥാൻ ഉത്കണ്ഠയോടെ കാണുന്നതിന്റെ ഭാഗമായാണ് വ്യോമപാതയിൽ നിയന്ത്രണം വരുത്തി നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിലയിരുത്തൽ.



