ഗാസ: യുദ്ധം തകര്‍ത്ത ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനും ഭരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘സമാധാന സമിതി’ ബോർഡ് ഓഫ് പീസിൽ ഇന്ത്യൻ വംശജനും. ബോർഡിൽ ഇന്ത്യൻ വംശജൻ ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് ഉള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയർമാനായ ബോർഡിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിൻ്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, പ്രൈവറ്റ് ഇക്വിറ്റി എക്സിക്യൂട്ടീവും ശതകോടീശ്വരനുമായ മാർക്ക് റോവൻ, ലോക ബാങ്ക് പ്രസിഡന്റ് ഇന്ത്യൻ വംശജനായ അജയ് ബംഗ, ട്രംപ് ഉപദേഷ്‌ടാവായ റോബർട്ട് ഗബ്രിയേൽ എന്നിവരാണ് അംഗങ്ങൾ.
പരിവർത്തന കാലയളവിൽ ഗാസയുടെ ഭരണ മേൽനോട്ടം വഹിക്കാൻ ഉദ്ദേശിച്ചുള്ളതാണ് അന്താരാഷ്ട്ര ബോർഡ് ഓഫ് പീസ്. ബോർഡിൻ്റെ ചുമതലകളുടെ വിശദാംശങ്ങൾ പൂർണമായി പ്രസിദ്ധികരിച്ചിട്ടില്ല. ഭരണപരമായ ശേഷി വര്‍ദ്ധിപ്പിക്കല്‍, പ്രാദേശിക ബന്ധങ്ങള്‍, പുനര്‍നിര്‍മ്മാണം, നിക്ഷേപം ആകര്‍ഷിക്കല്‍, വന്‍തോതിലുള്ള ഫണ്ട് സമാഹരണം തുടങ്ങിയ ഗാസയുടെ സ്ഥിരതയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ഈ ബോര്‍ഡ് നിരീക്ഷിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.
അതേ സമയം സമിതിയില്‍ ടോണി ബ്ലെയറെ ഉള്‍പ്പെടുത്തിയത് വിവാദമായിട്ടുണ്ട്. 2003-ലെ ഇറാഖ് അധിനിവേശത്തില്‍ പങ്കു വഹിച്ച ബ്ലെയര്‍ മിഡില്‍ ഈസ്റ്റില്‍ ഏറെ വിവാദനായകനാണ്. മുന്‍പ് ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ട ‘ക്വാര്‍ട്ടറ്റില്‍’ അംഗമായിരുന്നെങ്കിലും, ഇസ്രയേലിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് 2015-ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നിരുന്നാലും, ബ്ലെയറെ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ട്രംപ് പിന്തുണച്ചു.
ഇന്ത്യൻ വംശജനായ അജയ് ബംഗ 1959 ൽ മഹാരാഷ്ട്രയിലാണ് ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്നു. 1981 ൽ ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ഓണേഴ്‌സ്) ബിരുദം പൂർത്തിയാക്കി. തുടർന്ന് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ നിന്ന് മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദം നേടി. മുൻ യു.എസ് പ്രസിഡൻ്റ് ജോ ബൈഡനാണ് 2023 ഫെബ്രുവരിയിൽ ലോക ബാങ്കിനെ നയിക്കാൻ അജയ് ബംഗയെ നാമനിർദേശം ചെയ്‌തത്. ലോക ബാങ്ക് ഗ്രൂപ്പിൻ്റെ 14-ാമത് പ്രസിഡൻ്റാണ് അദ്ദേഹം.
കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഒക്ടോബര്‍ 10-ന് ആരംഭിച്ച യുഎസ് പിന്തുണയുള്ള സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ ബോര്‍ഡ് രൂപീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഹമാസ് ബന്ദികളെ മോചിപ്പിക്കുകയും വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. എങ്കിലും, ഗാസയിലെ സഹായ ദൗര്‍ലഭ്യവും ഒറ്റപ്പെട്ട അക്രമസംഭവങ്ങളും ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.
ഗാസയുടെ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിനായി അലി ഷാത്തിന്റെ നേതൃത്വത്തില്‍ 15 അംഗ പലസ്തീന്‍ സാങ്കേതിക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഗാസയിലെ സുരക്ഷാ മേല്‍നോട്ടത്തിനായി മുന്‍ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ ജാസ്പര്‍ ജെഫേഴ്‌സിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെയും ട്രംപ് ചുമതലപ്പെടുത്തി.



