ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ പങ്കെടുക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഖാലിദ സിയയുടെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി തന്നെ ബംഗ്ലാദേശിലേക്ക് പോകുന്നത് എന്നതാണ് ശ്രദ്ധേയം. രാജ്യത്തിന്‍റെ പ്രതിനിധിയായി എസ് ജയശങ്കർ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് (ബുധനാഴ്‌ച) ആണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ബംഗ്ലാദേശിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷകൂടിയായിരുന്ന ഖാലിദ സിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ, ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങൾക്കും അവർ നൽകിയ സംഭാവന ഓർമ്മിക്കപ്പെടും. ഖാലിദ സിയയുടെ വീക്ഷണവും പാരമ്പര്യവും ഇന്ത്യ – ബംഗ്ലാദേശ് പങ്കാളിത്തത്തെ തുടർന്നും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച പുലർച്ചെ ധാക്കയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 80 വയസ് ഉണ്ടായിരുന്ന ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. നവംബർ അവസാനം മുതൽ കരൾ രോഗം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അണുബാധ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്‌ച പുലർച്ചെ ആറോടെയാണ് മരണപ്പെട്ടത്.
17 വർഷത്തെ പ്രവാസത്തിന് ശേഷം അടുത്തിടെ ബംഗ്ലാദേശിൽ തിരിച്ചെത്തിയ മകൻ താരിഖ് റഹ്മാനും മറ്റ് കുടുംബാംഗങ്ങളും എല്ലാം ഖാലിദ സിയയുടെ അടുത്തുണ്ടായിരുന്നു. അവരുടെ സംസ്‌കാര പ്രാർത്ഥന, ബുധനാഴ്ച ഉച്ചകഴിഞ്ഞ് ധാക്കയിലെ നാഷണൽ പാർലമെൻ്റിൻ്റെ സൗത്ത് പ്ലാസയിൽ നടക്കും. ശേഷം ബംഗ്ലാദേശിന്റെ മുൻ പ്രസിഡൻ്റും ഭർത്താവുമായിരുന്ന സിയാവുർ റഹ്മാൻ്റെ ശവകുടീരത്തിന് സമീപം സിയാ ഉദ്യാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളിയായിരുന്നു ഖാലിദ സിയ. ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാ ഉർ റഹ്‌മാന്റെ ഭാര്യയായിരുന്നു. 1981-ൽ സിയാ ഉറിനെ സൈന്യം വധിച്ചപ്പോഴാണ് ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1984 മുതൽ ബിഎൻപിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. 1991-ലാണ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.



