ന്യൂഡൽഹി: ഭീകരതയെ പിന്തുണക്കുന്നത് നിർത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ ലോക ഭൂപടത്തിൽ കാണില്ല എന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് പാക്കിസ്ഥാൻ തുടർന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഉടണ്ടാകുമെന്ന സൂചനയും ജനറൽ ദ്വിവേദി നൽകി. രാജസ്ഥാനിലെ അനുപ്ഗഡിൽ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കവെയായിരുന്നു അദേഹം പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പ് നൽകിയത്.
ഇനി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം പതിപ്പ് വിദൂരമല്ലെന്നും അദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ 1.0 ൽ ഉണ്ടായിരുന്ന സംയമനം ഇനി തങ്ങൾ പാലിക്കില്ല. ഭൂമിശാസ്ത്രത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തണോ വേണ്ടയോ എന്ന് പാക്കിസ്ഥാനേക്കൊണ്ട് ചിന്തിപ്പിക്കുന്ന എന്തെങ്കിലും ഇത്തവണ നമ്മൾ ചെയ്യും. ലോക ഭൂപടത്തിൽ പാകിസ്ഥാൻ തങ്ങളുടെ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാർ സ്പോൺസേഡ് ഭീകരത അവസാനിപ്പിക്കണമെന്നും ജനറൽ ദ്വിവേദി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് 10 യുദ്ധ വിമാനങ്ങൾ നഷ്ട്‌ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാൻ്റെ എഫ് 16 ഉൾപ്പെടെ വ്യോമ താവളങ്ങളിൽ സൂക്ഷിച്ചിരുന്ന അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തുവെന്നും എ.പി. സിങ് പറഞ്ഞിരുന്നു. പാക്കിസ്ഥാനിൽ 300 കിലോമീറ്റർ ഉള്ളിൽ വരെ ഇന്ത്യ ആക്രമണം നടത്തിയെന്നും വ്യോമസേനാ മേധാവി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പും വരുന്നത്.



