ന്യൂഡൽഹി: ഓഗസ്റ്റ് 15-ന് യുഎസിലെ അലാസ്കയിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്‌ത് ഇന്ത്യ. യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ വഴിത്തിരിവായിരിക്കും ഉച്ചകോടിയെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
‘2025 ഓഗസ്റ്റ് 15 ന് അലാസ്‌കയിൽ നടക്കുന്ന ഒരു കൂടിക്കാഴ്‌ചയ്ക്കായി അമേരിക്കയും റഷ്യയും തമ്മിൽ എത്തിച്ചേർന്ന ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനും ഈ കൂടിക്കാഴ്ച വാഗ്‌ദാനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പല തവണ പറഞ്ഞതു പോലെ, ഇത് യുദ്ധത്തിന്റെ യുഗമല്ല‘ – വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
പുടിനുമായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്‌ച അടുത്ത വെള്ളിയാഴ്‌ച ‘ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് അലാസ്ക’യിൽ നടക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 2015-ൽ അന്നത്തെ പ്രസിഡൻ്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം പുടിന്റെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. 2021-ൽ മുൻ പ്രസിഡൻ്റ് ജോ ബൈഡൻ ജനീവയിൽ പുടിനുമായി ചർച്ച നടത്തിയതിന് ശേഷമുള്ള ആദ്യത്തെ യു.എസ്-റഷ്യ ഉച്ചകോടി കൂടിയാണിത്.
റഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയിനെതിരായ റഷ്യൻ നിലപാടിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 50% തീരുവ ചുമത്തിയത്. കഴിഞ്ഞദിവസം യുഎസ് പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ എത്തി പുട്ടിനെ സന്ദർശിച്ചതിന് ശേഷമാണ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് റഷ്യ സമ്മതം അറിയിച്ചത്. സന്ദർശന വേളയിൽ, വിറ്റ്‌കോഫ് യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെയും ഉച്ചകോടിയിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും റഷ്യ ഇതിന് തയാറായിട്ടില്ല.
യുക്രെയ്നും റഷ്യയും തമ്മിൽ സാധ്യമായേക്കാവുന്ന ഒത്തുതീർപ്പിൽ ഒരു പ്രദേശിക കൈമാറ്റം ഉൾപ്പെടാമെന്ന് അർമേനിയ-അസർബൈജാൻ സമാധാന ഉടമ്പടിയിൽ ഒപ്പു വെക്കുന്ന വേളയിൽ ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ തങ്ങളുടെ പ്രദേശം വിട്ടു കൊടുക്കുക എന്ന ആശയം യുക്രെനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിരസിച്ചു.