ന്യൂഡൽഹി: റഷ്യൻ വ്യാപാര ബന്ധത്തിൻ്റെ പേരിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചതോടെ വിരാമമായ ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ച വീണ്ടും പുനരാരംഭിക്കുന്നു. കരാറുമായി ബന്ധപ്പെട്ട ആറാം ഘട്ട ചർച്ചയ്ക്കായി യു.എസ് പ്രതിനിധി സംഘം ഇന്ന് ഇന്ത്യയിലെത്തും. അമേരിക്കൻ വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘവുമാണ് യു.എസിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്.
വാണിജ്യമന്ത്രി പിയൂഷ് ഗോയലിനേയും സംഘം കണ്ടേക്കും. അധിക തീരുവ പിൻവലക്കണം എന്ന നിർദ്ദേശം അമേരിക്കയുടെ മുമ്പാകെ വയ്ക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ഇതുമായി കൂട്ടിക്കുഴയ്ക്കരുതെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നില്ക്കും. നവംബറോടെ ആദ്യ ഘട്ട കരാറിനുള്ള സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര കരാറിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടക്കുള്ളവർ അമേരിക്കയിലെത്തി ചർച്ച നടത്തിയിരുന്നു. പല വിഷയങ്ങളിലും ധാരണയായ ശേഷാണ് ഇന്ത്യ അമേരിക്ക ബന്ധം വഷളായത്. കാർഷിക ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ല എന്ന നിലപാടാണ് നരേന്ദ്ര മോദി അറിയിച്ചത്. ഇതും ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള സാഹചര്യവും അമേരിക്കയെ ചൊടിപ്പിച്ചു. ആദ്യം 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് പിന്നീട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൻ്റെ പേരിലാണ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റി വെച്ചിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും വ്യാപാര കരാർ ചർച്ചകൾക്ക് ജീവൻ വച്ചത്.
അതിനിടെ വൈറ്റ് ഹൗസ് ഉപദേഷ്‌ടാവ് പീറ്റർ നവാരോ ഇന്ത്യക്കെതിരേ വീണ്ടും രംഗത്തു വന്നു. അന്യായമായ വ്യാപാരത്തിലൂടെ തങ്ങളിൽ നിന്ന് ഇന്ത്യ പണം സമ്പാദിക്കുന്നുവെന്നും നിരവധി തൊഴിലാളികൾ വഞ്ചിക്കപ്പെടുന്നുവെന്നും നവാരോ ആരോപിച്ചു. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു. റഷ്യക്കാർ അത് ആയുധങ്ങൾ വാങ്ങാനായി ഉപയോഗിക്കുന്നു. ഇന്ത്യ ചർച്ചയ്ക്കായി വരികയാണ്. വ്യാപാരവുമായി ബന്ധപ്പെട്ട് നോക്കുകയാണെങ്കിൽ വളരെ ഉയർന്ന തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യക്കെതിരേ നേരത്തെയും നവാരോ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യ നികുതികളിലെ മഹാ രാജാവാണെന്നും കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്നുമായിരുന്നു പ്രധാന ആരോപണം. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.