Thursday, April 2, 2026
Home » ഇന്ത്യ-യുഎസ് വ്യാപാര കരാർ: നിർണായക വ്യവസ്ഥകളിൽ മാറ്റം വരുത്തി വൈറ്റ് ഹൗസ്; കരാർ ബന്ധത്തെ ബാധിക്കില്ല എന്ന് റഷ്യ
ഇന്ത്യ-യുഎസ് വ്യാപാര കരാർ: നിർണായക വ്യവസ്ഥകളിൽ മാറ്റം വരുത്തി വൈറ്റ് ഹൗസ്; കരാർ ബന്ധത്തെ ബാധിക്കില്ല എന്ന് റഷ്യ

ഇന്ത്യ-യുഎസ് വ്യാപാര കരാർ: നിർണായക വ്യവസ്ഥകളിൽ മാറ്റം വരുത്തി വൈറ്റ് ഹൗസ്; കരാർ ബന്ധത്തെ ബാധിക്കില്ല എന്ന് റഷ്യ

by Editor
Send your news and Advertisements

വാഷിങ്ടൺ : ഇന്ത്യാ-അമേരിക്ക വ്യാപാര ചട്ടക്കൂടിനായി പുറത്തിറക്കിയ ഫാക്ട് ഷീറ്റ് വൈറ്റ് ഹൗസ് തിരുത്തി. കരാറിൻ്റെ വസ്‌തുതാ പത്രിക പുറത്തിറങ്ങി മണിക്കൂറുകൾക്കകം ആണ് നിബന്ധനകളിൽ വൈറ്റ് ഹൗസ് മാറ്റം വരുത്തിയിരിക്കുന്നത്. കരാറിലെ നിർണായക പദങ്ങളിലും നികുതി ഇളവ് നൽകുന്ന ഉൽപന്നങ്ങളുടെ പട്ടികയിലുമാണ് മാറ്റം വരുത്തിയത്. വസ്തുതാപത്രത്തിൽ മാറ്റം വരുത്തിയതിനെപ്പറ്റി വൈറ്റ് ഹൗസ് വിശദീകരണം നൽകിയിട്ടില്ല.

കരാറിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം വാങ്ങൽ ഉറപ്പ് സംബന്ധിച്ചുള്ളതാണ്. 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു ആദ്യ പതിപ്പിലുണ്ടായിരുന്നത്. എന്നാൽ പരിഷ്കരിച്ച രേഖയിൽ ഇത് ഇന്ത്യ വാങ്ങാൻ ഉദേശിക്കുന്നു എന്ന് മാറ്റി.

യുഎസ് കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ നൽകാനിരുന്ന നികുതി ഇളവുകളുടെ പട്ടികയിലും തിരുത്തലുണ്ട്. ആദ്യം പുറത്തിറക്കിയ രേഖയിൽ ഉണങ്ങിയ ധാന്യങ്ങൾക്കും കൽപ്പഴങ്ങൾക്കും ഒപ്പം ചില പയറുവർഗങ്ങൾക്കും നികുതി ഇളവ് നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പുതിയ പതിപ്പിൽ നിന്ന് പയറുവർഗങ്ങളെ പൂർണമായും ഒഴിവാക്കി. ഇത് ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല.

ഡിജിറ്റൽ വ്യാപാരവുമായി ബന്ധപ്പെട്ട കടുത്ത നിബന്ധനകളിലും വൈറ്റ് ഹൗസ് അയവ് വരുത്തിയിട്ടുണ്ട്. ഇന്ത്യ ഡിജിറ്റൽ സേവന നികുതികൾ പൂർണമായും നീക്കം ചെയ്യുമെന്ന് ആദ്യ രേഖയിൽ അവകാശപ്പെട്ടിരുന്നു. പുതിയ രേഖയിൽ ഈ വാചകം ഒഴിവാക്കി. പകരം ഡിജിറ്റൽ വ്യാപാര നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യ സമ്മതിച്ചു എന്ന് മാത്രമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ വൈറ്റ് ഹൗസ് വെബ്സൈറ്റിൽ വരുത്തിയ ഈ മാറ്റങ്ങൾ വ്യാപാര രംഗത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

അതേസമയം അമേരിക്കയുമായുള്ള വ്യാപാര കരാർ , ഇന്ത്യാ- റഷ്യ ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് എല്ലാവരുമായി ബന്ധം നിലനിർത്താനുള്ള കഴിവുണ്ടെന്ന് ഉറപ്പുണ്ടെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് വ്യക്തമാക്കി. ഏകദേശ താരിഫുകളും നിർബന്ധിത നടപടികളും ഏകാധിപത്യം സ്ഥാപിക്കുന്നതിനുള്ള അസ്വീകാര്യമായ മാർഗങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യ-റഷ്യ ബന്ധം ഇരുവശത്തെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ആഗ്രഹിക്കുന്നിടത്തോളം പോകാൻ റഷ്യ തയ്യാറാണെന്ന് സെർജി റിയാബ്കോവ് പറഞ്ഞു. ബഹുരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്ന മറ്റ് രാജ്യങ്ങൾ സഹകരണവും പരസ്പര നേട്ടവുമാണ് അഭിവൃദ്ധി പ്രാപിക്കാനുള്ള വഴിയെന്ന് കരുതുന്നു. യുക്രെയ്നിൽ നടക്കുന്ന യുദ്ധവുമായി വ്യാപാരത്തെ ബന്ധിപ്പിക്കുന്ന ഏതൊരു ശ്രമത്തെയും നിരസിക്കുന്നുവെന്ന് സെർജി റിയാബ്കോവ് വ്യക്തമാക്കി. ‌

ഇന്ത്യ – യുഎസ് വ്യാപാര കരാര്‍: ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍

You may also like

error: Content is protected !!