Friday, August 1, 2025
Mantis Partners Sydney
Home » ഇന്ത്യയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി; ചരിത്രപരമായ ദിവസമെന്ന് നരേന്ദ്ര മോദി
ഇന്ത്യയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി; ചരിത്രപരമായ ദിവസമെന്ന് നരേന്ദ്ര മോദി

ഇന്ത്യയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി; ചരിത്രപരമായ ദിവസമെന്ന് നരേന്ദ്ര മോദി

by Editor

ലണ്ടൻ: ഇന്ത്യയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചയക്ക് ശേഷമായിരുന്നു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിൻ്റെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥൻ റെയ്നോൾഡ്‌സ്‌ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. ചരിത്രപരമായ ദിവസമെന്നും ഏറെ നാളത്തെ പ്രയത്നത്തിൻ്റെ ഫലമാണിതെന്നും മോദി പ്രതികരിച്ചു.

ഇന്ത്യയിലെ ഭക്ഷ്യം, വസ്ത്രം ,ആഭരണം, സമുദ്ര ഉൽപന്നങ്ങൾ എൻജിനീയറിങ് തുടങ്ങിയ മേഖലകൾക്ക് കരാറിന്റെ ഗുണം ലഭിക്കും. യു കെയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾ വ്യോമയാന യന്ത്രഭാഗങ്ങൾ ഇന്ത്യക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങളും ചേർന്ന് പുതിയൊരു അധ്യായത്തിന് തുടക്കം കുറിയിക്കുന്നു. യുകെയിലെ ആറ് സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും. യു കെ യിലെ ഇന്ത്യക്കാർ ഇരുരാജ്യങ്ങളും തമ്മിലെ ജീവനുള്ള പാലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു രാജ്യങ്ങൾക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടൺ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. ഇന്ത്യയും യുകെയും തമ്മിൽ കാലങ്ങളായി ബന്ധമുണ്ട്. സാങ്കേതിക വിദ്യ, സുരക്ഷ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകും. കരാറിൻ്റെ ഗുണം ഇന്ത്യക്കും യുക്കെയ്ക്കും ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തമാകുമെന്നും കെയർ സ്റ്റാർമാർ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് യു.കെ യിലേക്ക് കയറ്റുമതി ചെയ്യുന്ന 99% സാധനങ്ങൾക്കും തീരുവ ഒഴിവാകും. ആഭരണങ്ങൾ രത്നങ്ങൾ തുണിത്തരങ്ങൾ ഇലക്ട്രോണിക്സ് എന്നിവയുടെ നിലവിലെ തീരുവ ഒഴിവാകും. കരാർ യാഥാർത്ഥ്യമായതോടെ ഇന്ത്യയിൽ നിന്നുള്ള കാർഷികോൽപന്നങ്ങൾക്കും സംസ്‌കരിച്ച ഭക്ഷ്യ വസ്‌തുക്കൾക്കും തീരുവയില്ലാതെ ബ്രിട്ടിഷ് മാർക്കറ്റുകളിൽ വിപണനം നടത്താം. കുരുമുളക്, ഏലക്ക, മഞ്ഞൾ, സംസ്ക‌രിച്ച ഭക്ഷ്യവസ്‌തുക്കളായ മാങ്ങ പൾപ്പ്, അച്ചാർ, ധാന്യങ്ങൾ എന്നിവയ്ക്കാണ് പുതിയ കരാറിനു കീഴിൽ തീരുവ ഒഴിവാക്കിയിട്ടുള്ളത്. ഇത് കേരളം അടക്കമുള്ള ഇന്ത്യൻ കർഷകരുടെ വിപണി സാധ്യതയും ലാഭവും വർധിപ്പിക്കും. കാപ്പിയുടെയും തേയിലയുടെയും കയറ്റുമതി വർധിപ്പിക്കാനും തീരുമാനമായി.

ഇന്ത്യൻ കർഷകരെ ബാധിക്കാത്ത തരത്തിലാകും യു.കെയിൽ നിന്നുള്ള ഇറക്കുമതിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പാലുൽപന്നങ്ങൾ, ആപ്പിൾ, ഓട്‌സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഇളവ് നൽകാത്തതിനാൽ ആഭ്യന്തര കർഷകരെ ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, പാദ രക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ നിലവിലെ നാല് മുതൽ 16 ശതമാനം വരെയുള്ള തീരുവ പൂർണമായും ഒഴിവാകും.

തീരദേശ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഒഡീഷ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്സ്യമേഖലയ്ക്കും ഗുണപ്രദമാണ് കരാർ. നേരത്തെ കൊഞ്ച്, ചൂര തുടങ്ങിയ മത്സ്യങ്ങൾക്കും മത്സ്യ ഉൽപന്നങ്ങൾക്കും ബ്രിട്ടിഷ് മാർക്കറ്റിൽ 4.2 മുതൽ 8.5 ശതമാനം വരെ തീരുവ ഉണ്ടായിരുന്നെങ്കിൽ ഇനി മുതൽ തീരുവയില്ലാതെ ഇവ ബ്രിട്ടിഷ് വിപണിയിലേക്ക് കയറ്റി അയയ്ക്കാം.

കരാർ പ്രകാരം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും, എന്നാൽ ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും. അതായത്, കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് മാത്രമേ ബാധകമാകൂ. കരാർ അനുസരിച്ച് ഈ എണ്ണം ക്രമേണ ഉദാരവൽകരിക്കും. ആസ്റ്റൺ മാർട്ടിൻ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ എന്നിവയ്ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. യു.കെ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യൻ നിർമാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ബ്രിട്ടീഷ് വിപണിയിൽ പ്രവേശനം ലഭിക്കും. ഇതും ഒരു ക്വാട്ട സംവിധാനത്തിന് കീഴിലായിരിക്കും.

ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവർക്കും കരാർ അടിസ്ഥാനത്തിൽ സേവനം നൽകുന്നവർക്കും യോഗ പരിശീലകർ, ഷെഫുമാർ, സംഗീതജ്ഞർ എന്നിവർക്കും യു.കെയിൽ താൽക്കാലികമായി താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. യു.കെയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും മൂന്ന് വർഷത്തേക്ക് യു.കെയിലെ സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കരാർ നിലവിൽ വരുന്നതോടെ സ്കോച്ച് വിസ്‌കിയുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദ‌ത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയും. തന്ത്രപ്രധാനമല്ലാത്ത സർക്കാർ ടെൻഡറുകളിൽ ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യ അനുമതി നൽകും, ഇതിൻ്റെ പരിധി 200 കോടി രൂപ ആയിരിക്കും. ഇന്ത്യ യു ക്കെ സ്വതന്ത്ര വ്യാപാര കരാർ പ്രതിവർഷം 34 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 2020-ൽ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം യു കെ ഒരു രാജ്യവുമായി ഒപ്പുവച്ച ഏറ്റവും വലിയ കരാറാണിത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തിയത്. യു കെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാർമറിന്‍റെ ക്ഷണപ്രകാരമാണ് മോദി യു കെ സന്ദര്‍ശിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!