Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » ഇന്ത്യ–റഷ്യ ബന്ധം പുതിയ തലത്തിൽ; എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഇന്ത്യ–റഷ്യ ബന്ധം പുതിയ തലത്തിൽ; എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ഇന്ത്യ–റഷ്യ ബന്ധം പുതിയ തലത്തിൽ; എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

by Editor
Send your news and Advertisements

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ സാമ്പത്തിക സഹകരണം ഉൾപ്പെടെ എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ട് കരാറുകളിൽ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചിട്ടുണ്ട്. വ്യാപാര ബന്ധം വിപുലമാക്കുന്നതും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതുമായ കരാറുകളിലാണ് ധാരണയായത്. ഊർജം, രാജ്യസുരക്ഷ, പ്രതിരോധം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിലാണ് മറ്റു കരാറുകൾ. മോദിയും പുട്ടിനും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്ക് ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപാദനത്തിന് ധാരണയായതായും സംയുക്ത വാർത്താ സമ്മേളനത്തിൽ മോദി അറിയിച്ചു. സൈനികേതര ആണവോർജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ-യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും ഹൈദരാബാദ് ഹൗസിൽ നടന്ന വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ പങ്കിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുട്ടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

അതേസമയം ഇന്ത്യയിൽ നൽകി ഊഷ്‌മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുട്ടിൻ ചർച്ചകൾ ഫലപ്രദമായെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും അറിയിച്ചു. കൂടംകുളം ആണവോർജ നിലയ നിർമാണം പൂർത്തിയാക്കാൻ സഹകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്‌ടറുകൾ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുട്ടിൻ പറഞ്ഞു.

റഷ്യൻ ടിവി ചാനൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും പുട്ടിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇത് സാംസ്‌കാരികമായ പരസ്‌പര സഹകരണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കരാറുകളിലൂടെ ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി.

ഇന്നലെ രാവിലെ റഷ്യൻ പ്രസിഡൻറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പു നല്കിയിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്നാണ് പുട്ടിനെ സ്വീകരിച്ചത്. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി പുട്ടിൻ പുഷ്പാർച്ചന നടത്തി.

You may also like

error: Content is protected !!