ന്യൂ ഡൽഹി: ഇന്ത്യയ്ക്കുമേൽ 50% തീരുവ അടിച്ചേൽപ്പിച്ച യുഎസിനു അതെ മാർഗ്ഗത്തിൽ തന്നെ തിരിച്ചടി ഇന്ത്യയും നൽകിയിരുന്നതായി റിപ്പോർട്ടുകൾ. യുഎസ് ഇന്ത്യയിലേക്ക് വലിയതോതിൽ കയറ്റുമതി ചെയ്തിരുന്ന പയറുവർഗങ്ങൾക്ക് കഴിഞ്ഞ നവംബർ ഒന്നു മുതൽ ഇന്ത്യ 30% തീരുവ ഏർപ്പെടുത്തിയിരുന്നു. ആഭ്യന്തര കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുക, വിപണിയിലെ വില സ്ഥിരത ഉറപ്പാക്കുക, സ്വയം പര്യാപ്തത ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആണ് ഈ നീക്കം ഇന്ത്യ നടത്തിയത്. എന്നാൽ ഈ നടപടിക്ക് കേന്ദ്രം കാര്യമായ പ്രചാരണം നൽകിയിരുന്നില്ല.
ആഗോള വ്യാപാര വ്യവസ്ഥയില്‍ വില മാറ്റങ്ങളും സപ്ലൈ ചെയിന്‍ പ്രശ്നങ്ങളും നില നില്‍ക്കുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നയപരമായ ഇടപെടലുകളുടെ ഭാഗമാണ് ഇത്. ഇന്ത്യയില്‍ പയറുവര്‍ഗ്ഗങ്ങള്‍ ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഘടകമാണ്. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, വിളവിലെ അനിശ്ചിതത്വം, സംഭരണ വിതരണ പ്രശ്നങ്ങള്‍ എന്നിവ മൂലം ചില സമയങ്ങളില്‍ ആവശ്യത്തിന് പോരാതെ ആകാറുണ്ട്.
ഏറെക്കുറെ നാമമാത്രമായിരുന്ന തീരുവയാണ് ഇന്ത്യ ഒറ്റയടിക്ക് 30 ശതമാനത്തിലേക്ക് ഉയർത്തിയത്. ഇന്ത്യയുടെ നടപടി അമേരിക്കൻ കർഷകർക്കും കയറ്റുമതിക്കാർക്കും കനത്ത തിരിച്ചടിയാണെന്നും തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ പ്രസിഡന്റ് ട്രംപ് സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു യുഎസ് സെനറ്റർമാരായ കെവിൻ ക്രാമർ, സ്റ്റീവ് ഡെയിൻസ് എന്നിവർ ട്രംപിന് കത്തയച്ചു. ഈ കത്ത് പുറത്തുവന്നതോടെയാണ് ഇന്ത്യ തീരുവകൂട്ടിയ വിവരവും പുറത്തായത്. തീരുവ 30 ശതമാനമാക്കി കുത്തനെ കൂട്ടിയ ഇന്ത്യയുടെ തീരുമാനം വൻ തിരിച്ചടിയാണെന്ന് ഇരുവരും കത്തിൽ പറയുന്നു. കടുത്ത മത്സരമുള്ള ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും കത്തിലുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിനിടെയാണ് വിവരങ്ങൾ പുറത്തു വരുന്നത്. ട്രംപിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ വിട്ടുവീഴ്ച വേണ്ടെന്ന ഇന്ത്യയുടെ നിലപാടാണ് വ്യാപാരക്കരാർ പ്രഖ്യാപനം നീളാൻ ഇടയാക്കുന്നത്. അമേരിക്കൻ കാർഷിക, ക്ഷീര ഉൽപന്നങ്ങളുടെ തീരുവ ഒഴിവാക്കുക, ഇന്ത്യയിൽ വ്യാപകമായ വിപണി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്.



