ന്യൂഡൽഹി: സൗദി അറേബ്യയുമായി കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ മേഖലകളിൽ തന്ത്രപധാനമായ പങ്കാളിത്തമാണ് ഇന്ത്യയ്ക്കുള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സൗദിയും പാക്കിസ്ഥാനും തമ്മിൽ ഒപ്പിട്ട സൈനിക സഹകരണ കരാറിൽ പ്രതികരിക്കുകയായിരുന്നു അദേഹം. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഛാബഹാർ തുറമുഖത്തിൻറെ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചത് പഠിക്കുകയാണെന്ന് വ്യക്തമാക്കിയ രൺധീർ ജയ്‌സ്വാൾ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നല്ല അന്തരീക്ഷത്തിൽ നടന്നുവെന്നും വ്യക്തമാക്കി.
ആണവശക്തിയായ പാക്കിസ്ഥാനുമായി തന്ത്രപരമായ ഉഭയകക്ഷി പ്രതിരോധ സഹകരണക്കരാറിൽ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ ഒപ്പുവച്ചത്. ബുധനാഴ്‌ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കരാറിൽ ഒപ്പിട്ടത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കും എന്നതാണ് പ്രധാന വ്യവസ്ഥ.
ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് കരാർ പ്രഖ്യാപനമെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ആശങ്കയുണ്ടാക്കുന്നതാണ് പ്രതിരോധക്കരാറും വ്യവസ്ഥകളും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സായുധ സംഘർഷമുണ്ടായി നാല് മാസം പിന്നിടുന്ന വേളയിലാണ് സൗദിയുമായി പാക്കിസ്ഥാൻ ഇത്തരമൊരു കരാർ ഉണ്ടാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഈ കരാർ ഇന്ത്യയ്ക്ക് എതിരായ വലിയ നയതന്ത്ര വിജയമായി പാക്കിസ്ഥാൻ കണക്കാക്കുന്നു. രണ്ടിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിൽ പറയുന്നത്. നാറ്റോ ശൈലിയിലുള്ള പ്രതിരോധ കരാറാണിത്. സൗദി-പാക് പ്രതിരോധക്കരാർ ഇന്ത്യ സസൂക്ഷ്‌മം വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. ദേശീയ സുരക്ഷയെയും ആഗോള-പ്രാദേശിക സ്ഥിരതയെയും ഇത് ഏത് തരത്തിൽ ബാധിക്കും എന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പതിറ്റാണ്ടുകളായി അനൗപചാരികമായി പ്രതിരോധ സഹകരണമുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്.