ന്യൂഡൽഹി: ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. 2025 ലെ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 4.18 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായാണ് ഇന്ത്യ വളർന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. 2030 ഓടെ ജർമ്മനിയെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക എന്നതാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി.
2025-26 ലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8.2 ശതമാനം വളർച്ച കൈവരിച്ചിരുന്നു. ആദ്യ പാദത്തിൽ 7.8 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ രേഖപ്പെടുത്തിയ 7.4 ശതമാനത്തിൽ നിന്നുമാണ് എട്ട് കടന്നുള്ള വളർച്ചാ നിരക്ക്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 7.3 ലക്ഷം കോടി ഡോളറായി വളർന്ന് ജർമ്മനിയെ മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഉപഭോഗം വർധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ സഹായിച്ചതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2047 ഓടേ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. നിലവിൽ ലോകത്തിൽ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയിൽ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്കാണ്.



