ന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം തുടരവേ നിലവിൽ രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഊർജ സുരക്ഷയും ഇന്ധന ലഭ്യതയും വിലയിരുത്താൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ആണ് ഈ ഉറപ്പ് നൽകിയത്. ഇന്ധനവുമായി നാല് കപ്പലുകൾ ഇതിനകം ഇന്ത്യൻ തീരത്തെത്തിയതായും അഞ്ച് കപ്പലുകൾ കൂടി ഉടൻ എത്തുമെന്നും യോഗത്തിൽ സർക്കാർ അറിയിച്ചു.
രാജ്യത്തെ എൽപിജി ആവശ്യകതയുടെ 60 % പൂർത്തീകരിക്കുന്നത് ആഭ്യന്തര ഉത്പാദനത്തിലൂടെയാണെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. എൽപിജി ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചു. സംഘർഷം തുടങ്ങുമ്പോൾ 28 ശതമാനമായിരുന്ന ഉൽപ്പാദനം ഇപ്പോൾ 60 ശതമാനമായി ഉയർത്തിയതായി സർക്കാർ അറിയിച്ചു. ക്രൂഡ് ഓയിൽ, എൽപിജി, വളം തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുമെന്നും പരിഭ്രാന്തിപ്പെട്ട് ബുക്കിംഗ് (Panic booking) നടത്തേണ്ടതില്ലെന്നും അധികൃതർ നിർദ്ദേശിച്ചു.
സംഘര്‍ഷം പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാന്‍ തല്‍ക്കാലം ഇന്ത്യ ഇല്ലെന്ന സൂചനയാണ് വിദേശകാര്യമന്ത്രി നൽകിയത്. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്ക് എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്. കടലിടുക്ക് വഴി കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് യാത്ര ചെയ്യാനായത് നയതന്ത്ര വിജയം എന്നും യോഗത്തിൽ സർക്കാർ അവകാശപ്പെട്ടു. ഗൾഫിലുള്ള പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. നിലവിലെ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യമാണ് ഇന്ത്യയുടെ നിലപാട്. യുദ്ധം എല്ലാവർക്കും പ്രതിസന്ധിയെന്ന് ട്രംപിനോട് പ്രധാനമന്ത്രി വ്യക്തമാക്കിയെന്ന് പ്രതിപക്ഷ പാർട്ടികളോട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശദീകരിച്ചു.
ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് തീരുമാനം എന്ന് കേന്ദ്രമന്ത്രി കിരൺ റിജജ്ജു പ്രതികരിച്ചപ്പോൾ സർക്കാരിന്‍റെ വിശദീകരണത്തിൽ തൃപ്തരല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പാർലമെൻറ് സമുച്ചയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം ഒന്നേമുക്കാൽ മണിക്കൂറാണ് നീണ്ടത്. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ , ധനമന്ത്രി നിർമ്മല സീതാരാമൻ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ പങ്കെടുത്തില്ല.

