ഇസ്ലാമബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാക്കിസ്ഥാൻ പ്രസിഡൻറ് ആസിഫ് അലി സർദാരി. പാക്കിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇന്ത്യൻ നേതാക്കൾ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് അവകാശപ്പെട്ട സർദാരി താനൊരു സമാധാനവാദിയാണെന്നും യുദ്ധം ശുപാർശ ചെയ്യുന്നില്ലെന്നും, യുദ്ധമുഖത്തുനിന്നും അർത്ഥവത്തായ ചർച്ചകളിലേക്ക് മാറണമെന്നും, പ്രാദേശിക സുരക്ഷയ്ക്ക് ഏക വഴി ഇതാണെന്നും അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയും ആസിഫ് അലി സർദാരി വിമർശിച്ചു. കരാർ മരവിപ്പിക്കാനുള്ള തീരുമാനം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയായിരുന്നുവെന്നും പാക് പ്രസിഡൻറ് ആരോപിച്ചു. അഫ്ഗാൻ മണ്ണിൽ നിന്ന് തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. ദോഹ കരാർ പാലിക്കുന്നതിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടു എന്നും ആസിഫ് അലി സർദാരി വ്യക്തമാക്കി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പാക്കിസ്ഥാൻ നയതന്ത്രപരവും ധാർമ്മികവുമായ പിന്തുണ നൽകുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ ഉത്തരവാദിത്തമുള്ള ഒരു ആണവ രാഷ്ട്രമാണെന്നും സ്വന്തം അതിർത്തികൾ സംരക്ഷിക്കാൻ രാജ്യം സജ്ജമാണെന്നും പറഞ്ഞ അദ്ദേഹം ഇറാനെതിരായ യുദ്ധത്തെ അപലപിക്കുകയും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങളും ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളും പാക്കിസ്ഥാൻ നേരിടുന്ന സമയത്താണ് ഈ പ്രസ്താവന വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.


