ന്യൂഡൽഹി: ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലൊന്നായ ബിത്രയെ പ്രതിരോധ ആവശ്യങ്ങൾക്കായി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലക്ഷദ്വീപിനെ രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാക്കാനുള്ള നിർണായക നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഇതിന് മുന്നോടിയായി സാമൂഹിക ആഘാത പഠനത്തിന് ലക്ഷദ്വീപ് റവന്യൂ ഡിപ്പാർട്ട്മെൻറ് വിജ്ഞാപനം പുറപ്പെടുവിച്ചു. ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും ജനവാസമുള്ളതുമായ ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. 1945 മുതലാണ് ഇവിടെ ജനവാസം തുടങ്ങിയതെന്ന് കരുതുന്നു.
ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ജനവാസ കേന്ദ്രങ്ങളിൽ ഒന്നാണ് ബിത്ര. തന്ത്രപ്രധാന സ്ഥാനം പരി ഗണിച്ചാണ് ഇത്തരം ഒരു തീരുമാനം. ഗ്രാമസഭകളെ കൂടി ഉൾപ്പെടുത്തിയാണ് സാമൂഹികാഘാത പഠനം നടത്തുക. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ ശിവം ചന്ദ്ര പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാകും. ദ്വീപ് പൂർണ്ണമായും ഏറ്റെടുക്കുന്നതോടെ ഇവിടെത്തെ താമസക്കാരെ സർക്കാർ പുനരധിവസിപ്പിക്കും. 2013-ലെ റിഹാബിലേഷൻ ആന്റ് റിസെറ്റിൽമെന്റ് ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരവും ഇവർക്ക് നൽകും. ലക്ഷദ്വീപ് റവന്യു വകുപ്പിനെ പദ്ധതിയുടെ നിർവഹണ ഏജൻസിയായി കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മിനിക്കോയ് ദ്വീപിൽ ഐഎൻഎസ് ജടായു എന്ന പേരിൽ നാവിക താവളം കമ്മീഷൻ ചെയ്‌തിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിനിന്റെ ഭാ ഗമായാണ് ലക്ഷദ്വീപ് കേന്ദ്രീകരിച്ചു കൊണ്ടുള്ള തന്ത്ര പ്രധാന പദ്ധതികൾ അതിവേഗം നടപ്പാക്കുന്നത്.
അതേസമയം, ബിത്രയെ പ്രതിരോധ താവളമാക്കാനുള്ള നീക്കത്തെ ലക്ഷദ്വീപ് എംപി ഹംദുള്ള സയീദ് ഉൾപ്പെടെയുള്ള തദ്ദേശവാസികൾ സ്വാഗതം ചെയ്യുന്നില്ല. വിജ്ഞാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് ബിത്രയിലെ താമസക്കാർക്ക് ഹംദുള്ള ഉറപ്പുനൽകി. ഒട്ടേറെ ദ്വീപുകളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി സർക്കാർ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 105 കുടുംബങ്ങൾ താമസിക്കുന്ന ബിത്രയിലെ പലരും ഈ നീക്കത്തെ എതിർക്കുന്നുണ്ട്.