ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഇരു കക്ഷികളും ഒപ്പിട്ടു. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിനെ വിശേഷിപ്പിച്ചത്. കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും കരാർ അനുസരിച്ച് വില കുത്തനെ കുറയും. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും. ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഇളവ് അനുവദിക്കും. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു.
ചരിത്ര മുഹൂർത്തമെന്നാണ് കരാറിനെ യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചത്. കരാർ ഒരു തുടക്കം മാത്രമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലിയൻ അഭിപ്രായപ്പെട്ടു. യൂറോപും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്‌ടിക്കുകയാണ്. ‘മദർ ഓഫ് ഓൾ ഡീൽസി‘ൽ ചർച്ചകൾ പൂർത്തിയാക്കി. ഇരുവിഭാഗത്തിനും ഗുണമുണ്ടാകുന്ന തരത്തിൽ 200 കോടി ജനങ്ങളുടെ ഫ്രീ ട്രേഡ് സോണാണ് നിലവിൽ വരുന്നതെന്നും തന്ത്രപരമായ ബന്ധം ഇനിയും ശക്തമാകുമെന്നും അവർ പറഞ്ഞു. ഡൽഹിയിൽ നടന്ന സംയുക്‌ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ സാൻ്റോസ് ഡി കോസ്‌റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്റ് ഉർസുല വോൺ ഡെർ ലെയിൻ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ വിജയിച്ചാൽ ലോകം കൂടുതൽ ഉറപ്പുള്ളതാകുമെന്ന് ഉർസുല വോൺ ഡെർ ലെയ് പറഞ്ഞു.
നയതന്ത്രം, വാണിജ്യം എന്നിവയിലെ ഏറ്റവും നിർണായക വ്യാപാര ഇടപാടുകളിൽ ഒന്നായി മാറാൻ സാധ്യതയുള്ളതാണ് ഈ കരാർ. പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. ‘മദർ ഓഫ് ഡീൽസ്’ എന്ന പേരിൽ വിശേഷിക്കപ്പെട്ട ഈ കരാർ എണ്ണ-വാതക മേഖലയ്ക്ക് വൻ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2004 മുതൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തന്ത്രപരമായ പങ്കാളികളാണ്. ജനാധിപത്യ മൂല്യങ്ങൾ, ബഹുമുഖത്വം, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര ക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിൽ വേരൂന്നിയ ഒരു ബന്ധമായിരുന്നു അത്. സാമ്പത്തികമായി, ഇരു വിഭാഗങ്ങളും ഇതിനകം തന്നെ ആഴത്തിൽ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ചരക്കുകളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. 2024-25 ൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 136 ബില്യൺ യു.എസ് ഡോളറിലെത്തിയിരുന്നു. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ. പുതിയ കരാർ ഒപ്പിട്ട സാഹചര്യത്തിൽ വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നീ മേഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലകളിൽ വൻ തോതിൽ നികുതി കുറയും.
യൂറോപ്യൻ ഉപകരണങ്ങൾക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും. യൂറോപ്യൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നാണ് സൂചന.
വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം അതീവ സന്തോഷകരമായ വാർത്തയാണ് ഈ കരാർ മുന്നോട്ടുവെക്കുന്നത്. മെഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കാറുകളുടെ ഇറക്കുമതി തീരുവയിൽ വൻ കുറവുണ്ടാകും. നിലവിൽ 100 ശതമാനത്തിലധികം നികുതി ചുമത്തുന്ന 15,000 യൂറോയ്ക്ക് (ഏകദേശം 16 ലക്ഷം രൂപ) മുകളിൽ വിലയുള്ള കാറുകൾക്ക് ഇനി മുതൽ 40 ശതമാനം നികുതി നൽകിയാൽ മതിയാകും. വരും വർഷങ്ങളിൽ ഇത് 10 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ട്. ഇതോടെ ആഡംബര കാറുകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ വിലക്കുറവ് ലഭിക്കും. എന്നാൽ ഇന്ത്യൻ വാഹന വിപണിയെ സംരക്ഷിക്കുന്നതിനായി 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള കാറുകളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയിലും കരാർ ആശ്വാസകരമാണ്. ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾക്കും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കും വില കുറയും. കൂടാതെ ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾക്ക് 27 യൂറോപ്യൻ രാജ്യങ്ങളിലെ വിപണിയിൽ പ്രവേശനം ലഭിക്കുകയും ചെയ്യും. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ നിർമ്മാണ മേഖലകളിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും. വിദേശ സ്പെയർ പാർട്സുകളുടെ നികുതി ഒഴിവാക്കുന്നതോടെ ഗാഡ്‌ജെറ്റുകളുടെ നിർമ്മാണ ചെലവ് കുറയുകയും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഇവ ലഭ്യമാകുകയും ചെയ്യും.
ഇന്ത്യ–ഇയു കരാർ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് 6.4 ലക്ഷം കോടി രൂപയുടെ കയറ്റുമതി നേട്ടമുണ്ടാകുമെമെന്നാണ് പ്രാഥമിക കണക്ക്. ഡീൽ വഴി യൂറോപ്യന്‍ കയറ്റുമതിക്കാർക്ക് പ്രതിവർഷം 4 ബില്യൻ യൂറോ ലാഭിക്കാമെന്ന് വിലയിരുത്തൽ. രണ്ട് ജനാധിപത്യ ശക്തികൾ തമ്മിലുള്ള പുതിയ ചരിത്രമാണ് വ്യാപാര കരാറെന്നാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും നിരീക്ഷിക്കുന്നത്. വരുംവർഷങ്ങളിൽ കൂടുതൽ സഹകരണം പല മേഖലകളിലേക്ക് വർധിപ്പിക്കും. മൊബിലിറ്റി കരാർ വഴി ഇന്ത്യയിലുള്ള പ്രാഫഷണലുകൾക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. ഭീകരവാദത്തെ തടയാനും സമുദ്ര സുരക്ഷയ്ക്കും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണ പ്രതിരോധരംഗത്തെ കമ്പനികൾക്ക് യൂറോപ്പിലെ കമ്പനികളുമായി സഹകരിച്ച് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും കരാറിനേക്കുറിച്ച് നേതാക്കൾ വിശദമാക്കി.



