പാരിസ്: മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോള എണ്ണവിപണിയിലുണ്ടായ കനത്ത അനിശ്ചിതത്വം പരിഹരിക്കാൻ നിർണ്ണായക നീക്കവുമായി ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ). തങ്ങളുടെ 32 അംഗരാജ്യങ്ങളുടെ പക്കലുള്ള അടിയന്തര കരുതൽ ശേഖരത്തിൽ നിന്ന് 40 കോടി (400 ദശലക്ഷം) ബാരൽ ക്രൂഡ് ഓയിൽ വിപണിയിലെത്തിക്കാൻ IEA ഏകകണ്ഠമായി തീരുമാനിച്ചു. ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യത്തിനനുസരിച്ചുള്ള സമയക്രമത്തിലായിരിക്കും ഈ എണ്ണ വിപണിയിലേക്ക് ലഭ്യമാക്കുകയെന്ന് ഐഇഎ പ്രസ്താവനയിൽ അറിയിച്ചു.
ഐ.ഇ.എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വിതരണമാണിത്. 2022-ൽ റഷ്യ-യുക്രെയ്ൻ യുദ്ധസമയത്ത് വിതരണം ചെയ്ത 18.2 കോടി ബാരലിന്റെ ഇരട്ടിയിലധികമാണിത്. ഇറാൻ-ഇസ്രായേൽ യുദ്ധം കാരണം എണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടം തടയുകയും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് ഈ നടപടി. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടാൽ അത് ആഗോള വിപണിയെ സാരമായി ബാധിക്കും. ഷിപ്പിങ് റൂട്ടുകളെയോ ഉത്പാദനത്തെയോ ബാധിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടായാൽ, വിപണിയിൽ അധിക എണ്ണ എത്തിച്ച് വിലക്കയറ്റം തടയാനാണ് ഐഇഎ ശ്രമിക്കുന്നത്. ഇറാൻ സംഘർഷം വിതരണ ശൃംഖലയെ ദീർഘകാലം ബാധിച്ചാൽ അത് ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവിനും പണപ്പെരുപ്പത്തിനും കാരണമാകും.
അതിനിടെ അസംസ്കൃത എണ്ണ വില ബാരലിന് 200 ഡോളർ വരെ ഉയരാമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തുവന്നു. എണ്ണവിലയിൽ വലിയ വർധനവിനായി ലോകം തയ്യാറെടുക്കണമെന്ന് ഇറാൻ സൈനിക കമാൻഡിന്റെ വക്താവ് ഇബ്രാഹിം സൊൽഫഖാരി പറഞ്ഞു. ഇസ്രയേലിനും യുഎസിനുമെതിരെ പരിമിതമായ പ്രതികാരപരമായ ആക്രമണങ്ങളിൽ നിന്ന് നിരന്തരമായ ആക്രമണങ്ങളിലേക്ക് ഇറാൻ മാറുമെന്നും ഇബ്രാഹിം സൊൽഫഖാരി മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ, ഇറാൻ സേന ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകളെ ആക്രമിച്ചതായി ഇറാനിയൻ സ്റ്റേറ്റ് അഫിലിയേറ്റഡ് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രൊജക്റ്റൈൽ ആക്രമണത്തിൽപ്പെട്ട തായ് കപ്പലിലെ 20 നാവികരെ രക്ഷപ്പെടുത്തിയതായി തായ്ലൻഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് ഷിപ്പിങ് കമ്പനികൾ കപ്പലുകൾ നിർത്തിവെക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാൻ തുടങ്ങി.
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ


