കൊച്ചി: വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി വിമാനത്താവളത്തിൽ തൃശൂർ സ്വദേശി പിടിയിൽ. രാജ്യാന്തര വിപണിയിൽ 4 കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിലെ കസ്‌റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് പിടികൂടിയത്. തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ ചിറയത്ത് സെബി ഷാജു ആണ് പിടിയിലായത്. മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ വ്യാഴാഴ്ച്ച ബാങ്കോക്കിൽ നിന്ന് ക്വാലലംപുർ വഴി കൊച്ചിയിൽ എത്തിയതാണ് ഇയാൾ. സ്‌നാക്സ് പാക്കറ്റുകളിൽ പൊതിഞ്ഞ് ചെക്ക്-ഇൻ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഓരോ കിലോഗ്രാം വീതം വരുന്ന 4 കവറുകളാണ് ഉണ്ടായിരുന്നത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കഞ്ചാവ് കടത്തിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർക്കു വേണ്ടി കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.
ഇന്നലെ പിടി കൂടിയ 4 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ ഇതു വരെ 20 കേസുകളിലായി 101 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് കൊച്ചി വിമാനത്താവളത്തിൽ പിടി കൂടിയത്. 20 പേർ വിവിധ കേസുകളിൽ കസ്‌റ്റംസിൻ്റെ പിടിയിലായിട്ടുണ്ട്. മലേഷ്യ, തായ്ലലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് അധികമായും കേരളത്തിലേക്ക് എത്തുന്നത്.