Mantis Partners Sydney
Thursday, February 5, 2026
Mantis Partners Sydney
Home » മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ടവരുടെ മോചനത്തിനായി ഇടപെട്ട് കെ.സി. വേണുഗോപാൽ
മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ടവരുടെ മോചനത്തിനായി ഇടപെട്ട് കെ.സി. വേണുഗോപാൽ

മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ടവരുടെ മോചനത്തിനായി ഇടപെട്ട് കെ.സി. വേണുഗോപാൽ

by Editor

ന്യൂഡൽഹി: മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ട അഞ്ച് മലയാളികൾ ഉൾപ്പെടെ 44 ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ കത്ത്. കേന്ദ്ര സർക്കാരിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്ക് കത്ത് നൽകി. തുടർന്ന് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ഇവരുടെ ദുരിതം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് അദേഹം വ്യക്തമാക്കി.

മ്യാൻമറിലെ ഡോംഗ്മെയ് പാർക്കിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലായ കാസർകോട് പടന്ന സ്വദേശിയായ മഷൂദ് അലി പത്തു ദിവസം മുൻപ് ഇന്ത്യൻ എംബസിയെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് തട്ടിപ്പു സംഘം ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. യൂറോപ്പിലുള്ള കമ്പനിയുടെ പാക്കിംഗ് സെക്ഷനിൽ ജോലി വാഗ്ദാനം ചെയ്‌താണ് തട്ടിപ്പ്. മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇവരിൽ പലരിൽ നിന്നും സംഘം വാങ്ങി. മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇവരിൽ പലരിൽ നിന്നും തട്ടിപ്പ് സംഘം വങ്ങിയിട്ടുണ്ട്. രണ്ട് മാസത്തെ വിസയും ടിക്കറ്റും എടുത്ത് നൽകി ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ച ശേഷം ബാങ്കോക്കിൽ കുറച്ച് നാൾ ജോലി ചെയ്തു പ്രവർത്തന മികവ് പ്രകടിപ്പിക്കുമ്പോൾ അവിടെ നിന്നും യുകെയിലേക്ക് ജോലി മാറ്റി നൽകുമെന്നാണ് തട്ടിപ്പ് സംഘം ഇവരെ ധരിപ്പിക്കുന്നത്. അത് വിശ്വസിച്ച് തട്ടിപ്പ് സംഘത്തിൻ്റെ വലയിലകപ്പെട്ട ഇവരെ മ്യാൻമാറിലേക്ക് മാറ്റുകയാണ്

മഷൂദ് അലിയെപ്പോലെ തട്ടിപ്പിനിരയായി മ്യാൻമാറിലെത്തിയ കൊല്ലം സ്വദേശി ജിഷ്‌ണുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്നാണ് വിവരം. മഷൂദ് അലിക്കൊപ്പം മുറി പങ്കിട്ട വ്യക്തിയാണ് ജിഷ്ണു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ പോകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ജിഷ്‌ണു തട്ടിപ്പ് സംഘവുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നെന്നും അതിന് ശേഷമാണ് ജിഷ്ണുവിനെ കാണാതായതെന്നും മഷൂദ് അലി വ്യക്തമാക്കുന്നു. എത്രയും വേഗം സർക്കാരിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടൽ ഉണ്ടായില്ലെങ്കിൽ അവരുടെ ജീവന് തന്നെ ആപത്താണെന്നു കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.

തട്ടിപ്പ് സംഘത്തെ എതിർക്കാനോ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നവർക്ക് ക്രൂര മർദനമാണെന്നാണ് വിവരം. ഫോൺ, പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും മറ്റ് വസ്‌തുക്കളും തട്ടിപ്പ് സംഘം ഇരകളായവരിൽ നിന്ന് കൈക്കലാക്കും. ഇതുകാരണം അവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. വിദേശകാര്യ മന്ത്രാലയത്തിൻ്റെയും എംബസിയുടെ ഭാഗത്ത് നിന്നും നടപടിയെടുക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം കാര്യങ്ങൾ കൂടുതൽ വഷളാക്കും. അതുകൊണ്ട് തന്നെ മ്യാൻമറിൽ നിന്നും ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!