ടെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധത്തിൽ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതർ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ യുദ്ധം ഒരു മാസം പിന്നിട്ടതിന് തൊട്ടുപിന്നാലെ യുദ്ധമുഖത്തേക്ക് ഇറാൻ്റെ ഉറ്റസഖ്യകക്ഷികളായ ഹൂതി വിമതർ രംഗപ്രവേശം ചെയ്തത്. തെക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കിയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്. പ്രധാനമായും ഇസ്രയേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളും ബീർഷെബ (Beersheba) നഗരവുമാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹൂതികൾ ഇസ്രായേലിനെ നേരിട്ട് ലക്ഷ്യമിടുന്നത്. ഇതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാകുമെന്ന ആശങ്ക ശക്തമായി. ചെങ്കടൽ വഴിയുള്ള ചരക്കുനീക്കത്തിന് വീണ്ടും ഭീഷണിയുണ്ടാകുമെന്ന് ആശങ്കയുണ്ട്. ഇറാനെതിരായ അധിനിവേശ നീക്കം അവസാനിക്കുന്നത് വരെ തങ്ങളുടെ സൈനിക നടപടികൾ തുടരുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. യെമനിൽ നിന്ന് വന്ന മിസൈൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
അതിനിടെ ടെഹ്റാനിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ആക്രമണം നടത്തി. ലബനനിൽ മൂന്ന് മാധ്യമപ്രവർത്തകരും ഒരു സൈനികനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച സൗദി അറേബ്യയിലെ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
യുദ്ധത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താന്‍ ഇസ്‌ലാമബാദില്‍ ഉന്നതതല ചര്‍ച്ച.
ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരം കാണുന്നതിനും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമായി ഇസ്‌ലാമാബാദിൽ ഇന്നും നാളെയും (മാർച്ച് 29, 30 തീയതികളിൽ) ഉന്നതതല ചർച്ചകൾ നടക്കുന്നു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഈ നിർണ്ണായക ചർച്ചയിൽ സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പങ്കെടുക്കുന്നത്. സൗദി അറേബ്യയിലെ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍, തുര്‍ക്കിയില്‍നിന്ന് ഹക്കാന്‍ ഫിദാന്‍, ഈജിപ്തിനെ പ്രതിനിധീകരിച്ച് ബദര്‍ അബ്ദുലാറ്റി എന്നിവരാണ് പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ക്ക് എത്തുന്നത്.
ഒരു മാസമായി തുടരുന്ന ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ഈ രണ്ട് ദിവസത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം. പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസീം മുനീര്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി ഈ വിഷയം പലതവണ ചര്‍ച്ച ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്ക തയ്യാറാക്കിയ പതിനഞ്ചിന നിര്‍ദേശങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന് കൈമാറിയത് ജനറല്‍ അസിം മുനീറായിരുന്നു.
അഫ്ഗാനിസ്ഥാനുമായി പാക്കിസ്ഥാന്‍ തുറന്ന യുദ്ധമുഖത്ത് നില്‍ക്കുമ്പോഴാണ് പാക്കിസ്ഥാന്‍ സമാധാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. പാക്കിസ്ഥാന്‍ അഫ്ഗാനില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 200 സിവിലിയന്മാരെയെങ്കിലും മരിച്ചതായാണ് യുഎന്‍ കണക്ക്.
ഇറാനും പാക്കിസ്ഥാനും തമ്മില്‍ 560 മൈല്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇറാനിലെ സംഘര്‍ഷാവസ്ഥ പാക്കിസ്ഥാനെ സാരമായി ബാധിക്കുന്നുണ്ട്. യുദ്ധം നീണ്ടുപോയാല്‍ ഇന്ധനക്ഷാമം രൂക്ഷമാവും എന്നതിനു പുറമെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്ക് സംഘര്‍ഷം പടരാന്‍ സാധ്യതയുണ്ട്. ഇറാന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഷിയാ മുസ്ലിംകള്‍ വസിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. ഷിയാ വിശ്വാസപ്രകാരം, ഇവരെല്ലാം ഇറാനിലെ പരമാധികാര നേതാവിനെയാണ് മതാചാര്യനായി കരുതുന്നത്. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായി ഒപ്പിട്ട ഒരു പ്രതിരോധ സഹകരണ കരാറില്‍ ആവിശ്യം വന്നാൽ സൗദിയ്ക്ക് സൈനിക പിന്തുണ നല്‍കുമെന്നതാണ് കാതലായ വ്യവസ്ഥ. ഇതും പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പാക്കിസ്ഥാൻറേത് ഡബിൾഗെയിമെന്ന് വിലയിരുത്തി ഇറാൻ; ഇസ്രയേലിന് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ

