Mantis Partners Sydney
Wednesday, March 4, 2026
Mantis Partners Sydney
Home » വർണ്ണങ്ങളുടെ ഉത്സവമായ ഹോളി ഇന്ന്
ഹോളി

വർണ്ണങ്ങളുടെ ഉത്സവമായ ഹോളി ഇന്ന്

by Editor
Send your news and Advertisements

വർണ്ണങ്ങളുടെ ഉത്സവമായ ഹോളി ഇന്ന്. ഇത്രത്തോളം കളറായ മറ്റൊരു ആഘോഷം ലോകത്തു തന്നെ കുറവാണ്. ഉത്തരേന്ത്യയിൽ അതിഗംഭീരമായി ആഘോഷിക്കപ്പെടുന്ന ഹോളിയുടെ ഭാഗമായി ആളുകൾ പരസ്പരം നിറങ്ങൾ വാരിപ്പൂശിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് സന്തോഷം പങ്കിടുന്നത്. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം. മാര്‍ച്ച് നാലിനാണ് ഇക്കുറി ഹോളി എത്തുന്നത്.

ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു.

ഹോളിയുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് ഐതിഹ്യങ്ങളാണുള്ളത്. വിഷ്ണുഭക്തനായ പ്രഹ്ലാദനെ കൊല്ലാൻ ശ്രമിച്ച ഹിരണ്യകശ്യപുവിന്റെ സഹോദരി ഹോളിക അഗ്നിയിൽ ദഹിച്ചതിന്റെ സ്മരണാർത്ഥമാണ് ‘ഹോളികാ ദഹനം’ നടക്കുന്നത്. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയമായാണ് ഇതിനെ കാണുന്നത്. രാധാ-കൃഷ്ണ പ്രണയവും കാമദേവന്റെ പുനർജന്മവുമായി ബന്ധപ്പെട്ട കഥകളും ഇതിനുണ്ട്. ശ്രീകൃഷ്ണൻ രാധയുടെ മുഖത്ത് നിറങ്ങൾ തേച്ചതിന്റെ സ്മരണാർത്ഥമാണ് നിറങ്ങൾ ഉപയോഗിച്ചുള്ള ആഘോഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ദക്ഷയാഗത്തിന് ശേഷം ശിവന്റെ തപസ്സ് മുടക്കാൻ ശ്രമിച്ച കാമദേവൻ ശിവന്റെ മൂന്നാം കണ്ണിലെ അഗ്നിയിൽ ഭസ്മമായി. പിന്നീട് പാർവ്വതിയുടെയും രതിയുടെയും അഭ്യർത്ഥന പ്രകാരം കാമദേവനെ ശിവൻ പുനർജനിപ്പിച്ചു. ഇതിന്റെ ആഘോഷമായും ഹോളി കരുതപ്പെടുന്നു.

വസന്തകാലത്തിന്റെ വരവിനെയും ശൈത്യകാല വിളവെടുപ്പിനെയും സൂചിപ്പിക്കുന്ന ഒരു കാർഷിക ഉത്സവമായും ഹോളിക്ക് പ്രാധാന്യമുണ്ട്. കേരളത്തിലെ കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെ ഉത്തരേന്ത്യൻ സമൂഹങ്ങളും രാജസ്ഥാനി സമൂഹങ്ങളും ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. വടക്കേയിന്ത്യൻ സമൂഹത്തോടൊപ്പം മലയാളികളും വിദേശസഞ്ചാരികളും ആഘോഷത്തിൽ പങ്കെടുത്തു.

ഹോളി ആഘോഷ പ്രമാണിച്ച് ഇന്ന് രാജ്യത്തെ ഓഹരി വിപണികൾ ഉൾപ്പെടെയുള്ള പ്രധാന സാമ്പത്തിക സ്ഥാപനങ്ങൾക്ക് അവധിയാണ്.

You may also like

error: Content is protected !!