Saturday, August 30, 2025
Mantis Partners Sydney
Home » കശ്മീരിൽ കനത്ത മഴ; പ്രധാന നദികൾ കരകവിഞ്ഞൊഴുകി, പാക്കിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ്
കശ്മീരിൽ കനത്ത മഴ; പ്രധാന നദികൾ കരകവിഞ്ഞൊഴുകി, പാക്കിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ്

കശ്മീരിൽ കനത്ത മഴ; പ്രധാന നദികൾ കരകവിഞ്ഞൊഴുകി, പാക്കിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ്

by Editor

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മരണം 31 ആയി. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ദോഡ, ജമ്മു, ഉദ്ദംപൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ വെളളത്തിനടിയിലായി. നിരവധി റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. 22 ട്രെയിനുകള്‍ റദ്ദാക്കി. വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തുടര്‍ച്ചയായ മഴയെതുടര്‍ന്ന് നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ജമ്മുകശ്‌മീരിൽ കനത്ത മഴയെ തുടർന്ന് പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ. രവി, ചെനാബ്, സത് ലജ് തുടങ്ങിയ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പാക്കിസ്ഥാനെ അറിയിച്ചു. പൂർണമായും നയതന്ത്രവകുപ്പ് വഴിയാണ് വിവരം കൈമാറിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ പാക്കിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുന്നത്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ചില അണക്കെട്ടുകൾ തുറക്കാൻ സാധ്യതയുണ്ട്. സിന്ധുനദീജല കരാർ കമ്മീഷൻ മുഖാന്തരമാണ് എല്ലാത്തവണയും മുന്നറിയിപ്പ് സന്ദേശം നൽകുക. എന്നാൽ കരാർ റദ്ദാക്കിയതോടെ ഇന്ത്യൻ ഹൈക്കമ്മീഷണൻ വഴി മുന്നറിയിപ്പ് നൽകുകയായിരുന്നു. താവി നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നദിയുടെ പരിസരപ്രദേശത്തുള്ള ആളുകൾക്കും മുന്നറിയിപ്പ് നൽകി.

ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കുകയും ചെയ്തു. ജലാശയങ്ങള്‍ക്ക് സമീപത്തുനിന്നും മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മാറിത്താമസിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അപകട സാധ്യതയുളള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!