ഗാസ സിറ്റി: ഇസ്രയേല്‍ മുന്നോട്ടുവച്ച വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായുള്ള ‘നിരായുധീകരണം’ ആവശ്യം ഹമാസ് തള്ളി. ഹമാസ് ആയുധം താഴെവെക്കാൻ സന്നദ്ധത അറിയിച്ചു എന്ന ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ ദൂതനായ സ്റ്റീവ് വിറ്റ്‌കോഫിന്റെ പരാമർശങ്ങൾക്ക് മറുപടിയായിട്ടായിരുന്നു ഹമാസ് നിലപാട് വ്യക്തമാക്കിയത്. ജറുസലം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കില്ലെന്നും ഹമാസ് നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടു.
അതിനിടെ 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടു. ഇരുപത്തിനാലുകാരനായ എവ്യാതർ ഡേവിഡിൻ്റെ വീഡിയോയാണ് ഹമാസ് പുറത്ത് വിട്ടത്. പട്ടിണിയിലായ യുവാവ് ക്ഷീണിതനായ നിലയിലാണ് വിഡിയോയിലുള്ളത്. ഇരുപത്തിനാലുകാരനായ യുവാവ് ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളിൽ കുഴിയൊരുക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മരിക്കുമ്പോൾ തന്നെ അടക്കാനുള്ള കുഴി ഒരുക്കുകയാണെന്ന് ഡേവിഡ് വീഡിയോയിൽ പറയുന്നു. ഓരോ ദിവസവും ശരീരം ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഞാൻ നേരെ എന്റെ ശവക്കുഴിയിലേക്ക് നടക്കുകയാണ്. എന്നെ സംസ്‌കരിക്കാൻ പോകുന്ന ശവക്കുഴി അവിടെയാണ്- ഹീബ്രു ഭാഷയിൽ യുവാവ് പറയുന്നു.
ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തിയാണ് ഹമാസിൻ്റേതെന്ന് ഡേവിഡിൻ്റെ മാതാപിതാക്കൾ പറഞ്ഞു. ഹമാസിൻ്റെ പ്രൊപ്പഗണ്ട പ്രചാരണത്തിൻ്റെ ഭാഗമായി ഡേവിഡിനെ ബോധപൂർവം പട്ടിണിയിലാക്കിയതാണ്. ഡേവിഡിൻ്റെ സഹായത്തിനായി പറ്റാവുന്നതെല്ലാം ചെയ്യാൻ കുടുംബം ഇസ്രയേലി സർക്കാരിനോടും ലോകത്തോടും ആവശ്യപ്പെട്ടു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡേവിഡിൻ്റെ കുടുംബവുമായി സംസാരിച്ചു. ദൃശ്യങ്ങൾ ഞെട്ടലുണ്ടാക്കുന്നുവെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും നെതന്യാഹു ആവർത്തിച്ചു.
How psychopathic is Hamas?
It forced starving hostage Evyatar David to DIG HIS OWN GRAVE for the cameras. pic.twitter.com/iMa404St4s
— Eylon Levy (@EylonALevy) August 2, 2025
അറബ് രാജ്യങ്ങളും നിരവധി പാശ്ചാത്യ രാജ്യങ്ങളും ഹമാസിനോട് നിരായുധീകരണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പലസ്തീനെ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയ ഫ്രാൻസ്, ബ്രിട്ടൻ പോലുള്ള നിരവധി രാജ്യങ്ങളും ഹമാസ് ആയുധം താഴെ വെക്കണമെന്ന നിബന്ധനയാണ് മുന്നോട്ടുവെച്ചത്. ഗാസയിൽ ഉടൻ വെടിനിർത്തൽ ആവശ്യമാണെന്നും, ബന്ദികളാക്കിയവരെ ഹമാസ് ഉടൻ വിട്ടയക്കണമെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ആവശ്യപ്പെട്ടത്. തുടർന്ന് സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പലസ്തീൻ രാജ്യത്തെ അംഗീകരിക്കുമെന്ന പ്രഖ്യാപനം നടത്തുമെന്നും ഫ്രാൻസ് പറഞ്ഞിരുന്നു. വെസ്റ്റ്ബാങ്കിൽ അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ഉടൻ ബന്ദികളെ മോചിപ്പിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഗാസയിലെ ഭരണക്രമത്തിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും സ്റ്റാർമർ നിബന്ധന വെച്ചിരുന്നു.
അതിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 30 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. യുഎസ് കരാറുകാരായ ജിഎച്ച്എഫിന്റെ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ മേയ് 27-നും ജൂലൈ 31-നുമിടയിൽ 859 പലസ്തീൻകാരാണു വെടിയേറ്റുമരിച്ചത്. പട്ടിണിമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ കുട്ടിയടക്കം 7 പേരും മരിച്ചു. ഇതോടെ പട്ടിണിമരണം 169 ആയി. ഉപരോധത്തിൽ ഇളവു വരുത്തിയതോടെ ഗാസയിലേക്കു സഹായവുമായി കൂടുതൽ ട്രക്കുകൾ പ്രതിദിനം എത്തുന്നുണ്ട്. വിമാനങ്ങളിൽനിന്ന് ഭക്ഷണപ്പൊതികൾ ഇട്ടുകൊടുക്കുന്ന ജോർദാൻ സംരംഭത്തിന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങളെത്തിയിട്ടുണ്ട്. എന്നാൽ, ഇതു ചെലവേറിയതും അപര്യാപ്‌തവുമാണെന്നു വിവിധ സന്നദ്ധസംഘടനകൾ ചൂണ്ടിക്കാട്ടി. ഭക്ഷണകേന്ദ്രങ്ങളിൽ പരിമിതതോതിലാണു വിതരണം. കിലോമീറ്ററുകൾ നടന്ന് പുലരും മുൻപേയെത്തി കാത്തുനിന്നാലും അധികംപേർക്കും ഭക്ഷണം കിട്ടാറില്ല. ഇസ്രയേൽ സൈന്യം നടത്തുന്ന 4 കേന്ദ്രങ്ങളിലാകട്ടെ ജനക്കൂട്ടത്തിനുനേരെ വെടിവയ്പുകളും തുടരുന്നു.