കെയ്റോ: രണ്ടു വർഷത്തെ യുദ്ധത്തിനൊടുവിൽ ഗാസ സമാധാനത്തിലേക്ക്. വെടിനിർത്തൽ ധാരണയിലെത്തി ഹമാസും ഇസ്രയേലും. ബന്ദികളെ മോചിപ്പിക്കും, ഇസ്രയേൽ സൈന്യം പിൻവാങ്ങും. ഈജിപ്‌തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷമാണ് ബന്ദികളെ കൈമാറാനുള്ള കരാറിൽ ഇസ്രയേലും ഹമാസും എത്തിയത്. കരാർ നടപ്പിലാക്കി 72 മണിക്കൂറിനുള്ളിൽ ബന്ദികളെ ഇരുകൂട്ടരും കൈമാറമണെന്നതാണ് പ്രധാന വ്യവസ്‌ഥ. ഗാസയിൽ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികൾക്ക് പകരം ഇസ്രയേലിലെ ജയിലിൽ കഴിയുന്ന 2,000 പലസ്തീൻ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ധാരണ പ്രകാരം ഇസ്രയേൽ സൈന്യം മേഖലയിൽ നിന്നും പൂർണമായി പിൻവാങ്ങും. യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറും. ചരിത്രപരമായ കരാർ യാഥാർഥ്യമാക്കാൻ സഹകരിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നി രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് നന്ദി പറയുന്നു. സമാധാന സ്ഥാപകർ അനുഗ്രഹീതരാണെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിൻ്റെ മരുമകൻ ജറീദ് കഷ്‌നർ എന്നിവരടങ്ങിയ യുഎസ് സംഘം ഈജിപ്റ്റിലെത്തും. താൻ ഈ ആഴ്‌ച ഈജിപ്റ്റിലെത്തിയേക്കുമെന്ന് ട്രംപും സൂചിപ്പിച്ചു. സമാധാന കരാർ ഒപ്പിടുന്നതിന് ട്രംപും സാക്ഷിയായേക്കും. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷികമായ ചൊവ്വാഴ്‌ച മാധ്യമ പ്രവർത്തകരുമായി സംസാരിച്ച ട്രംപ്, യുദ്ധം ഉടൻ അവസാനിക്കുമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രതികരിച്ചിരുന്നു.
ചർച്ചയിൽ ധാരണയിലെത്തിയതായി ഖത്തറും വ്യക്തമാക്കി. സമാധാനത്തിന് ധാരണയിലെത്തിയതിന് ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി അറിയിച്ചു. അതേസമയം, പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും നേടിയെടുക്കുന്നതിൽ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു.