ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ തീരുമാനം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ. മേഖലയിലെ സംഘർഷാവസ്ഥ മൂർച്ഛിക്കാൻ ഇസ്രയേൽ അധിനിവേശം ഇടയാക്കുമെന്ന് സെക്രട്ടറി ജനറൽ ആന്‍റണിയൊ ഗുട്ടെറെസ് വ്യക്തമാക്കി.
ഇസ്രയേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളിലൊന്നാ ജർമ്മനി ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഗാസ മുനമ്പില്‍ ഉപയോഗിക്കാവുന്ന സൈനിക ഉപകരണങ്ങളുടെ കയറ്റുമതി ജര്‍മനി നിര്‍ത്തുമെന്ന് ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സാണ് അറിയിച്ചത്. അതേസമയം ഹമാസിന്റെ ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ജര്‍മന്‍ ചാന്‍സലര്‍ ബന്ദികളെ മോചിപ്പിക്കുന്നതും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുന്നതുമാണ് തങ്ങളുടെ മുന്‍ഗണനയെന്നും ആവര്‍ത്തിച്ചു. ജര്‍മനിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തെ സൗദി അറേബ്യ, ജോർദാൻ, തുർക്കി, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു. ബ്രിട്ടനും ഫ്രാൻസും കാനഡയും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാടിലാണ്. അതേസമയം തീരുമാനങ്ങൾ ഇസ്രയേലിന്‍റേതാണ് എന്നായിരുന്നു പരോക്ഷ പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം
ഗാസയിൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന പിടിച്ചടക്കൽ നടപടി ഉചിതമായിരിക്കില്ലെന്ന സൈനിക നേതൃത്വത്തിൽ നിന്നുള്ളവരുടെ നിർദേശങ്ങളും അവഗണിച്ചാണ് സുരക്ഷാ കാബിനറ്റ് അനുമതിയോടെ ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടു പോകുന്നത്. ഹമാസിനെ കീഴടക്കുന്നതിനൊപ്പം ബന്ദികളുടെ മോചനം കൂടിയാണ് ലക്ഷ്യം. എന്നാൽ ഈ നീക്കത്തിലൂടെ ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ കഴിയുമോ എന്ന ചോദ്യം ബന്ദികളുടെ ബന്ധുക്കൾ ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്.
എന്നാൽ ഗാസ പിടിച്ചെടുക്കുകയല്ല, മറിച്ച് ഹമാസില്‍ നിന്ന് ഗാസയെ മോചിപ്പിച്ച് അവിടെ സമാധാനപരമായ ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ പ്രാപ്തമാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസാ സിറ്റിയുടെ നിയന്ത്രണം സൈന്യമേറ്റെടുക്കുമെന്നും യുദ്ധമേഖലകൾക്കുപുറത്തുള്ള ഇടങ്ങളിൽ സഹായവിതരണം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കരയാക്രമണം തുടങ്ങുന്നതിനുമുന്നോടിയായി ഗാസാ സിറ്റിയിൽ ഒഴിപ്പിക്കൽ നിർദേശം നൽകുകയും ചെയ്തു.