കഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ കലാപത്തിൽ നേപ്പാളിൽ ഇതുവരെ 19 മരണം. പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ ആണ് 19 പേർ കൊല്ലപ്പെട്ടത്. നാനൂറിലേറെപ്പേർക്ക് പരുക്കേറ്റു. കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവെച്ചു.
രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്. സർക്കാർ അഴിമതി മറയ്ക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി യുവാക്കളുടെ പ്രക്ഷോഭം. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. തലസ്ഥാനമായ കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തിൽ പരുക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചാണ് സർക്കാർ നടപടി. പിന്നാലെ നേപ്പാളിലെ കെ പി ശർമ ഒലി സർക്കാർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് പ്രതിഷേധം ആരംഭിച്ചത്.
സമൂഹമാധ്യമങ്ങൾ വഴി കഴിഞ്ഞ കുറേ നാളുകളായി സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പരിഹാസവും വിമർശനവും വ്യാപകമായിരുന്നു. നെപ്പോ കിഡ്സ് എന്ന് ഹാഷ് ടാഗിൽ രാഷ്ട്രീയക്കാരുടെ മക്കളുടെ ജീവിതശൈലിയും സാധാരണക്കാരുടെ ജീവിതശൈലിയും താരതമ്യം ചെയ്ത് ധാരാളം പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ അസ്വസ്തരായ അധികാരികൾ രജിസ്ട്രേഷന്റെ പേരിൽ സമൂഹമാധ്യമങ്ങളെ നിരോധിച്ചെന്നാണ് പ്രതിഷേധക്കാരുടെ വിമർശനം.