Saturday, August 30, 2025
Mantis Partners Sydney
Home » ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിൽ.
ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിൽ.

ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിൽ.

by Editor

കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിൽ. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‌ത്‌ സ്വകാര്യ ആവശ്യത്തിനായി ലണ്ടൻ യാത്ര നടത്തിയതിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഈ മാസം 26 വരെ കൊളംബോ ഫോർട്ട് മജിസ്ട്രേട്ട് കോടതി വിക്രമസിംഗെയെ റിമാൻഡ് ചെയ്‌തു. കേസിൽ വെള്ളിയാഴ്ച ചോദ്യംചെയ്യാനായി വിളിപ്പിച്ച് സിഐഡി ഓഫിസിൽ എത്തിയപ്പോഴാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുൻ പ്രസിഡന്റാണ് വിക്രമസിംഗെ.

2023 -ലാണ് കേസിനാസ്‌പദമായ സംഭവം. വിക്രമസിംഗെയുടെ ഭാര്യ പ്രൊഫസർ മൈത്രി വിക്രമസിംഗെയെ ആദരിക്കുന്ന പരിപാടി വോൾവർ ഹാംപ്‌ടൺ സർവകലാശാല സംഘടിപ്പിച്ചിരുന്നു. ക്യൂബയിലെ ഹവാനയിൽ നടന്ന ജി 77 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ സർവകലാശാല പരിപാടിയിൽ പങ്കെടുക്കാൻ വിക്രമസിംഗെയും സംഘവും ലണ്ടനിലേക്ക് പോയി. ഇതിൻ്റെ മുഴുവൻ ചെലവുകളും വഹിച്ചത് സർക്കാർ ഖജനാവിൽ നിന്നാണെന്നാണ് ആരോപണം. 2022 -നും 2024 -നും ഇടയിൽ വിക്രമസിംഗെ 23 വിദേശ യാത്രകൾക്കായി 600 മില്യൺ രൂപയിലധികം ചെലവഴിച്ചെന്നും റിപ്പോർട്ടുണ്ട്.

ആറു തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രി ആയിരുന്ന വിക്രമസിംഗെ, രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായി കലാപകലുഷിതമായപ്പോൾ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവച്ചതിനെത്തുടർന്ന് 2022 ജൂലൈയിലാണ് പ്രസിഡൻ്റായത്. യുണൈറ്റഡ് നാഷനൽ പാർട്ടി (യുഎൻപി) നേതാവായ അദ്ദേഹം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ്റ് തിരഞ്ഞെടുപ്പിൽ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!