കൊച്ചി: മുൻ മന്ത്രിയും മുതിർന്ന മുസ്ലീംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ വൈകുന്നേരം മൂന്നരയോടെയാണ് അന്ത്യം. ഖബറടക്കം ബുധന്‍ രാവിലെ പത്തിന് ആലങ്ങാട് ജുമമസ്ജിദില്‍.
എറണാകുളം ജില്ലയിലെ കൊണ്ടോർപ്പിള്ളിയിൽ വി യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് ഇരുപതിനാണ് ഇബ്രാഹിംകുഞ്ഞിന്റെ ജനനം. മുസ്ലിം ലീഗിൻറെ വിദ്യാർഥി സംഘടനയായ എംഎസ്എഫിലൂടെ പൊതുരം ഗത്തേക്കെത്തി. പിന്നീട് യൂത്ത് ലീഗ്, എറണാകുളം ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്.
2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും വിജയിച്ച അദേഹം 2011 ലും 2016 ലും കളമശേരിയിൽ നിന്നുമാണ് നിയമ സഭയിലെത്തിയത്. 2001-2006 യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പെൺവാണിഭക്കേസിൽ രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്.
2011 മുതൽ 2016 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്‌ടിയുവിൻ്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. മധ്യ കേരളത്തിൽ മുസ്ലീം ലീഗിൻ്റെ ശക്തനായ നേതാവായിരുന്ന ഇബ്രാഹിംകുഞ്ഞ് പാർട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ആലുവ ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയാണ്.
നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി ഇ ആബ്ബാസ്, വി ഇ അനൂപ്.



