തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചത്. ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു.
ഇടുക്കി ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മൂന്ന് വട്ടം മൂന്നാർ ഉൾപ്പെടുന്ന ദേവികുളം എംഎൽഎയാമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒരു മാസത്തോളമായി ബിജെപി നേതൃത്വവുമായി സജീവ ചർച്ചയിലായിരുന്നു. നേരത്തെ തിരുവനന്തപുരത്ത് എത്തി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ചയും നടത്തിയിരുന്നു. കാലങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തിൽ വിശ്വാസം നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നതെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ ചേരുന്നതിന് പ്രത്യേക നിബന്ധനകൾ വച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
2006, 2011, 2016 എന്നീ കാലയളവിൽ ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ് രാജേന്ദ്രൻ. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എറെ കാലമായി സിപിഎമ്മുമായി അകന്ന് നിൽക്കുകയായിരുന്നു അദേഹം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായിരുന്ന എ. രാജക്കെതിരെ പ്രവർത്തിച്ചുവെന്ന പേരിൽ രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാത്തതിലും എസ്. രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.



