ന്യൂ ഡൽഹി: തന്റെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) യെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളിൽ ആദ്യ പ്രതികരണവുമായി കരസേനാ മുൻ മേധാവി ജനറൽ എം.എം. നരവനെ. പ്രസാധകരായ പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ പ്രസ്താവന പങ്കുവച്ചായിരുന്നു സമൂഹമാധ്യമത്തിൽ എം.എം. നരവനെയുടെ പ്രതികരണം. “പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്” എന്ന കുറിപ്പോടെ തന്റെ പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുറത്തിറക്കിയ വിശദീകരണം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
പുസ്തകം ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അതിന്റെ അച്ചടിച്ചതോ ഡിജിറ്റലോ ആയ പതിപ്പുകൾ വിതരണം ചെയ്തിട്ടില്ലെന്നും പ്രസാധകർ വ്യക്തമാക്കി. “ഇന്ത്യയുടെ മുൻ കരസേനാ മേധാവി ജനറൽ നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്‌റ്റിനി’യുടെ പ്രസിദ്ധീകരണാവകാശം ഞങ്ങൾക്കാണ്. പുസ്‌തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാഗികമായോ പൂർണരൂപത്തിലോ പ്രചരിക്കുന്ന, അച്ചടി രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ ഉള്ള പുസ്‌തകത്തിൻ്റെ പകർപ്പുകൾ പ്രസാധകർ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്‌തിട്ടില്ല. നിലവിൽ പ്രചരിക്കുന്ന പകർപ്പുകൾ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ്. അവ ഉടനടി പിൻവലിക്കണം”– കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു.
പുസ്‌തകത്തിന്റെ്റെ അനധികൃത പകർപ്പുകൾ പ്രചരിക്കുന്നുവെന്ന വാർത്തകൾക്കും പാർലമെൻ്റിലെ രാഷ്ട്രീയ തർക്കങ്ങൾക്കും പിന്നാലെയായിരുന്നു പെൻഗ്വിൻ്റെ വിശദീകരണം. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാത്ത ബുക്കിലെ വിവരങ്ങൾ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.
2020-ലെ ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് പുസ്തകത്തിലെന്ന് പറയപ്പെടുന്ന ചില ഭാഗങ്ങൾ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ പാർലമെന്റിൽ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ കഴിഞ്ഞയാഴ്ച പ്രക്ഷുബ്ധമാക്കിയിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ പ്രധാനമന്ത്രിയെയും രാജ്‌നാഥ് സിങിനെയും വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട് എന്നാണ് രാഹുൽഗാന്ധി പറഞ്ഞത്.


