Thursday, January 29, 2026
Mantis Partners Sydney
Home » വിമാനം റദ്ദാക്കൽ: ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി
വിമാനം റദ്ദാക്കൽ: ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി

വിമാനം റദ്ദാക്കൽ: ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി

by Editor

ന്യൂഡൽഹി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോയ്ക്ക് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി. കഴിഞ്ഞ ഡിസംബറിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിലാണ് നടപടി. ഡിജിസിഎ നിയോഗിച്ച നാലംഗ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചതിനെ തുടർന്നാണ് നടപടി. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലെ വീഴ്ചകൾ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്‌താവനയിൽ അറിയിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെയുള്ള കാലയളവിൽ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ നടപടി അന്വേഷിക്കാൻ ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിരുന്നു. അന്വേഷണം നടത്തി ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഇൻഡിഗോയുടെ 2507 വിമാന സർവീസുകൾ റദ്ദാക്കുകയും 1852 സർവീസുകൾ വൈകുകയും ചെയ്‌തിരുന്നു. ഇതുമൂലം വിവിധ വിമാനത്താവളങ്ങളിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർ കുടുങ്ങിക്കിടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സമിതി വിശദമായ അന്വേഷണം നടത്തുകയും ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്റ്റ് വെയർ എന്നിവയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും ചെയ്‌തതായി ഡിജിസിഎ അറിയിച്ചു. പ്രവർത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷൻ, മതിയായ തയ്യാറെടുപ്പ് ഇല്ലായ്‌മ, സിസ്റ്റം സോഫ്റ്റ്‌വെയർ സപ്പോർട്ടിലെ കുറവുകൾ, മാനേജ്‌മെന്റ് ഘടനയിലെയും പ്രവർത്തനപരമായ നിയന്ത്രണത്തിലെയും പോരായ്മ‌കൾ എന്നിവയാണ് തടസത്തിൻ്റെ പ്രധാന കാരണങ്ങളെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. പിഴ കൂടാതെ ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിലും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും പരാജയപ്പെട്ടതിന് ഇൻഡിഗോ സിഇഒയ്ക്കും ചീഫ് ഓപ്പറേറ്റിങ് ഓഫിസർക്കും ഡിജിസിഎ താക്കീത് നൽകി. സീനിയർ വൈസ് പ്രസിഡന്റിനെ (ഓപ്പറേഷൻസ് കൺട്രോൾ സെൻ്റർ) നിലവിലെ ചുമതലകളിൽ നിന്നു നീക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. ഉത്തരവാദിത്തപ്പെട്ട മറ്റ് പദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കി. അഭ്യന്തര അന്വേഷണത്തിൽ വീഴ്‌ച കണ്ടെത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും അതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ഇൻഡിഗോയോട് ഡിജിസിഎ നിർദ്ദേശിച്ചു. ഡിജിസിഎയുടെ ഉത്തരവ് പൂർണമായി ഉൾക്കൊള്ളുന്നുവെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!