Monday, September 1, 2025
Mantis Partners Sydney
Home » ‘ആറ് പാക് വിമാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ വെടിവെച്ചിട്ടു’; സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി
ഓപ്പറേഷന്‍ സിന്ദൂര്‍

‘ആറ് പാക് വിമാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ വെടിവെച്ചിട്ടു’; സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി

by Editor

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടുവെന്ന വെളിപ്പെടുത്തലുമായി എയർ ചീഫ് മാർഷൽ എ പി സിങ്. അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ് സ്‌ഥിരീകരിച്ചു. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. ബെംഗളുരുവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു എയർ ചീഫ് മാർഷലിന്റെ തുറന്നുപറച്ചിൽ. യുദ്ധവിമാനങ്ങൾക്ക് പുറമെ ഇന്ത്യ വെടിവെച്ചിട്ട മറ്റൊരു വിമാനം 300 കിലോമീറ്ററുകൾക്കപ്പുറമാണ് ഉണ്ടായിരുന്നത്. എസ് 400 വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഈ വിമാനത്തെ വെടിവെച്ചിട്ടത്. അവ കൃത്യമായി ലക്ഷ്യം കണ്ടുവെന്നും എസ് 400 സംവിധാനം ഒരു ‘ഗെയിം ചെയിഞ്ചറാണെന്നും’ എ പി സിങ് പറഞ്ഞു.

നമ്മുടെ രാജ്യത്തോട് ചെയ്തതിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ സൈന്യം ആക്രമിച്ചതായി വ്യോമസേനാ മേധാവി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് കാരണം രാഷ്ട്രീയനേതൃത്വം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന് കൃത്യമായ നിർദേശങ്ങൾ ലഭിച്ചു. യാതൊരു തടസ്സങ്ങളും ഉണ്ടായില്ല. എല്ലാ വകുപ്പുകളും തമ്മിൽ കൃത്യമായ ഒത്തൊരുമ ഉണ്ടായിരുന്നുവെന്നും എ പി സിങ് വ്യക്തമാക്കി. തങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എത്ര മുൻപോട്ട് പോകണം എന്നതെല്ലാം തങ്ങളുടെ മാത്രം തീരുമാനമായിരുന്നു. ഇന്ത്യൻ സൈന്യത്തിന് പാക്കിസ്ഥാൻ മേൽ കൃത്യമായ മേൽക്കോയ്മ ഉണ്ടായിരുന്നുവെന്നും അതിനാലാണ് നാല് ദിവസത്തിനുള്ളിൽ ഇത്രയേറെ നാശനഷ്ടം ഉണ്ടാക്കാൻ സാധിച്ചതെന്നും എ പി സിങ് കൂട്ടിച്ചേർത്തു.

പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് 7-നാണ് പാക്കിസ്‌ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. 9 ഭീകര കേന്ദ്രങ്ങൾ പുലർച്ചെയുള്ള ആക്രമണത്തിൽ തകർത്തു. 25 മിനിറ്റിൽ 24 ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. പിറ്റേന്ന് 15 ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആക്രമണമുണ്ടായി. ഇന്ത്യ കനത്ത തിരിച്ചടി നൽകി. പാക്കിസ്‌ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ വലിയ നാശനഷ്ടമുണ്ടായി.

Send your news and Advertisements

You may also like

error: Content is protected !!