ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യ എഐ ഹബ്ബ് സ്ഥാപിക്കാനൊരുങ്ങി ഗൂഗിൾ. എഐ ഹബ്ബുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ചർച്ച നടത്തി. എഐ ഹബ്ബിലൂടെ ഇന്ത്യയ്‌ക്ക് നിർമ്മിതബുദ്ധിയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി സുന്ദർ പിച്ചൈ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് എഐ ഹബ്ബ് ഒരുങ്ങുന്നത്. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ‘ഭാരത് എ ഐ ശക്തി’ പരിപാടിയിലാണ് പുതിയ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന്റെ റെയിൽവേ, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ നാര ചന്ദ്രബാബു നായിഡു, ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്, ആർടിജി, എച്ച്ആർഡി മന്ത്രി ശ്രീ നാര ലോകേഷ്, ഗൂഗിൾ ക്ലൗഡിന്റെ സിഇഒ ശ്രീ തോമസ് കുര്യൻ എന്നിവർ പരുപാടിയിൽ സന്നിഹിതരായിരുന്നു.
എഐ ഹബ്ബിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ യു എസ് ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാനാണ് ഗുഗിളിന്റെ പദ്ധതി. കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് 2047 ദൗത്യത്തിന്റെ ഭാഗമായാണ് എഐ ഹബ്ബ് ഒരുങ്ങുന്നത്. ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ, വിപുലീകരിച്ച ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ കൂടി പങ്കാളിത്തതോടെയാണ് എഐ ഹബ്ബ് സ്ഥാപിക്കുന്നത്.