ന്യൂഡൽഹി: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിൻ്റെ അധ്യക്ഷനുമായ ഫറൂഖ് അബ്‌ദുള്ള പങ്കെടുത്ത വിവാഹ ചടങ്ങിൽ വെടിവെപ്പ്. ഫറൂഖ് അബ്‌ദുള്ളയോടൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഉണ്ടായിരുന്നതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി ഗ്രേറ്റർ കൈലാഷ് ഏരിയയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അക്രമി ഇവർക്ക് നേരെ വെടിയുതിർത്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. എൻസി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഫറൂഖ് അബ്ദുള്ളയും സുരേന്ദ്ര ചൗധരിയും എത്തിയത്.
പുരാനി മണ്ഡി സ്വദേശിയായ കമൽ സിങ് ജംവാൾ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പ്രാഥമികമായി അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്നത് ലൈസൻസുള്ള തോക്കാണെന്നും വിവരമുണ്ട്. വെടിയുണ്ട ലക്ഷ്യം തെറ്റിയതിനാൽ ഫറൂഖ് അബ്ദുള്ള പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ തിരക്കിനിടയിൽ ഉപമുഖ്യമന്ത്രി സുരേന്ദ്ര ചൗധരിക്ക് നിസാര പരിക്കേറ്റതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇസഡ് പ്ലസ് (Z+) സുരക്ഷയുള്ള നേതാവിന്റെ അരികിലേക്ക് പ്രതിക്ക് എങ്ങനെയെത്താൻ കഴിഞ്ഞു എന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഉപമുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടി. “അള്ളാഹു കാത്തു. എന്റെ പിതാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ലോഡ് ചെയ്ത പിസ്റ്റളുമായി ഒരാൾക്ക് എങ്ങനെ ഇത്രയും അടുത്തെത്താൻ കഴിഞ്ഞു എന്നത് ഗൗരവകരമാണ്. എൻഎസ്ജി, ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാൾക്ക് നേരെയുണ്ടായ ഈ വധശ്രമം വലിയ സുരക്ഷാവീഴ്ചയാണ്, എന്ന് മുഖ്യമന്ത്രി ഉമർ അബ്ദുള്ള എക്സ് കുറിപ്പിൽ പറഞ്ഞു.


