പ്രശസ്ത സിനിമാ നിർമാതാവായിരുന്ന ഗാന്ധിമതി ബാലൻ നിര്യാതനായിട്ട് രണ്ടു വർഷമായി. മികച്ച പല മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്രരംഗത്തെ ഒരു മികച്ച സംഘാടകനുമായിരുന്നു. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ഇവൻ്റ് മാനേജർ എന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു; ധാരാളം താരസംഗമ പരിപാടികളും വൻകിട സ്റ്റേജ് ഷോകളും സംഘടിപ്പിച്ചു. 2015-ൽ നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു.
ആദ്യ സിനിമയായ ‘ഇത്തിരി നേരം ഒത്തിരി കാര്യം’, ‘ആദാമിന്റെ വാരിയെല്ല്’, ‘പഞ്ചവടി പാലം’, ‘മൂന്നാം പക്കം’, ‘തൂവാനത്തുമ്പികൾ’, ‘സുഖമോ ദേവി, ‘മാളൂട്ടി’, ‘നൊമ്പരത്തിപ്പൂവ്’, ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’, ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’, ‘ഇരകൾ’, ‘പത്താമുദയം’ തുടങ്ങിയ 30-ൽപരം ചിത്രങ്ങളുടെ (പൂർണ്ണമായോ ഭാഗികമായോ) നിർമാണവും വിതരണവും നിർവഹിച്ചു.
ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് ധാരാളം സിനിമ ചെയ്ത നിർമാതാവായിരുന്നു ഗാന്ധിമതി ബാലൻ. ‘സ്ഫടികം’, ‘കിലുക്കം’ എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയതും ബാലനാണ്.
അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. ‘ഞാൻ ഗന്ധർവ്വൻ’ എന്ന തൻ്റെ ചിത്രത്തിന്റെ പ്രമോ പരിപാടിക്കായി കോഴിക്കോട്ടെത്തിയ പത്മരാജനോടൊപ്പം ബാലനും ഉണ്ടായിരുന്നു. 1991 ജനുവരി 22-ാം തീയതി കൈരളി തിയറ്ററിലെ ചടങ്ങുകഴിഞ്ഞ് രാത്രി വൈകിയാണ് അവിടുത്തെ പാരമൗണ്ട് ഹോട്ടലും ബാലൻ താമസിക്കുന്നുണ്ടായിരുന്നു. ഏറ്റവും അടുപ്പമുണ്ടായിരുന്ന പദ്മരാജന്റെ ആകസ്മിക മരണം ബാലനെയും തളർത്തി. സിനിമയിൽ നിന്നും പിൻവാങ്ങാൻ അതും ഒരു കാരണമായി.
പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗം. തിരുവനന്തപുരം പ്രവർത്തന മേഖല ആക്കിയിട്ടു 40 വർഷത്തിലേറെയായി. ‘ഗാന്ധിമതി‘ എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. അമ്മയുടെ പേര് സ്വന്തം പേരിനു ഒപ്പം ചേർത്ത്, അതു വലിയൊരു ബ്രാൻഡ് ആയി വളർത്തി.
63-ാം വയസിൽ, ബാലനും കുടുംബാംഗങ്ങളും ചേർന്ന് ‘ആലിബൈ‘ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി. ‘ഇവന്റ്സ് ഗാന്ധിമതി’ എന്ന ഇവൻ്റ് മാനേജ്മെന്റ് കമ്പനി ഉടമ കൂടിയാണ് ഗാന്ധിമതി ബാലൻ. നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു. ഞാൻ മുഖ്യ സംഘടകനായിരുന്ന ഒരു വലിയ സാംസ്ക്കാരിക പരിപാടിയുടെ (2012) സംഘാനത്തിൽ ബാലൻ സഹകരിച്ചത് ഓർക്കുന്നു.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് പിന്നണി പ്രവർത്തനം നടത്തിയ ബാലൻ ‘അമ്മ ഷോ’ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് ‘ആർടെക്ക് മീനാക്ഷി’യിലായിരുന്നു ഗാന്ധിമതി ബാലൻ്റെ താമസം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2024 ഏപ്രിൽ 10-ന്, 66-ാം വയസ്സിൽ അന്തരിച്ചു.
ഗാന്ധിമതി ബാലൻ്റെ ഭാര്യ – അനിത. മക്കൾ: സൗമ്യ (ആദ്യകാലത്ത് സൂര്യാ ടി വി അവതാരകയായിരുന്നു), അനന്ത പത്മനാഭൻ – മരുമക്കൾ: കെ.എം. ശ്യാം, അൽക്ക നാരായൺ.
ആർ. ഗോപാലകൃഷ്ണൻ
ടെക്സ്റ്റ് കടപ്പാട്: ടി.സി. രാജേഷ് സിന്ധു

