52
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ഇന്നലെ വൈകുന്നേരം 4.41 നാണ് ഭൂചലനമുണ്ടായത്. ഭൂമിയിൽ അഞ്ചു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളപായത്തെപ്പറ്റിയോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഗുവാഹട്ടിയിലെ ധേക്കിയ ജുലിക്ക് സമീപമാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. ഭുകമ്പത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്കോടി. സെപ്റ്റംബർ രണ്ടിന് അസമിലെ സോനിത്പൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.