Mantis Partners Sydney
Tuesday, February 3, 2026
Mantis Partners Sydney
Home » അതിവേഗ പാതയിൽ ഒളിയമ്പുമായി മുഖ്യമന്ത്രി; പാത ബജറ്റിൽ പ്രതീക്ഷിച്ചിരുന്നില്ല, ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല എന്നും ഇ. ശ്രീധരൻ.

അതിവേഗ പാതയിൽ ഒളിയമ്പുമായി മുഖ്യമന്ത്രി; പാത ബജറ്റിൽ പ്രതീക്ഷിച്ചിരുന്നില്ല, ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല എന്നും ഇ. ശ്രീധരൻ.

by Editor

അതിവേഗ പാതയുടെ പേരിൽ മെട്രോമാൻ ഇ ശ്രീധരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മെട്രോമാൻ ഇ ശ്രീധരന്‍റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും, ഇതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിൽക്കുന്നു. എന്നാൽ കേരളത്തിൽ അങ്ങനെയല്ലെന്ന പ്രതീതിയാണ് കേന്ദ്രത്തിനുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ബജറ്റിൽ കേരളത്തിലെ അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇ.ശ്രീധരൻ പറഞ്ഞു. ഇക്കാര്യത്തിൽ ആശയക്കുഴപ്പമോ ആശങ്കയോ ഇല്ല. ജനുവരി 16-ന് ആണ് കേന്ദ്ര റെയിൽവേ മന്ത്രിയെക്കണ്ട് ചർച്ച നടത്തിയത്. അപ്പോഴേക്കും ബജറ്റ് തയാറായിക്കാണണം. അതു ബജറ്റിൽ വരേണ്ട കാര്യമില്ലെന്നു മന്ത്രി അറിയിച്ചിരുന്നതായും ഇ. ശ്രീധരൻ പറഞ്ഞു.

ബജറ്റിൽ പ്രഖ്യാപിച്ചവ 350 കിലോമീറ്റർ വേഗത്തിലുള്ള അതിവേഗ പാതകളാണ്. അതു രണ്ടു സംസ്‌ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്. അതും കേരളത്തിലെ പദ്ധതിയും തമ്മിൽ ബന്ധമില്ല. ഡിപിആർ ചുമതല ഡിഎംആർസിയെ ഏൽപിച്ചുള്ള കേന്ദ്ര ഉത്തരവ് വൈകാതെ ലഭിക്കും. അതുവരെ സമയം കളയാനില്ലാത്തതിനാലാണു ജോലി നേരത്തേ തുടങ്ങുന്നത്. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അനുകൂല സാഹചര്യത്തിൽ അതിവേഗ പാത പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണു
പ്രാഥമിക ഘട്ടത്തിൽത്തന്നെ ബോധ്യപ്പെടുന്നതെന്നും ശ്രീധരൻ വ്യക്തമാക്കി.

കേരളത്തിൽ മൂന്ന്, നാല് പാതകൾക്കുള്ള ഡിപിആർ തയാറാക്കൽ പുരോഗമിക്കുകയാണ്. കേരളത്തിനായി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പലതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌ഥലം ഏറ്റെടുക്കാൻ സംസ്‌ഥാന സർക്കാരിൻ്റെ പിന്തുണ ആവശ്യമാണ്. കേരളത്തിന് എന്തു പ്രതീക്ഷിക്കാമെന്ന ചോദ്യത്തിന് ഇന്നു വിശദമായി ഉത്തരം നൽകാമെന്നായിരുന്നു മന്ത്രി വൈഷ്‌ണവിന്റെ മറുപടി.

Send your news and Advertisements

You may also like

error: Content is protected !!