ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോണിൽ നേരിട്ട് വിളിച്ചാണ് ട്രംപ് ആശംസ അറിയിച്ചത്. ജൂൺ 16-നുശേഷം ഇരുവരും ആദ്യമായാണ് ഫോണിൽ സംസാരിക്കുന്നത്. നരേന്ദ്ര എന്റെ അടുത്ത സുഹൃത്താണെന്നാണ് ട്രംപ് അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നരേന്ദ്രമോദിയുടെ പ്രതിബദ്ധത, യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവ ഫോൺ സംഭാഷണത്തിനിടയിൽ ട്രംപ് ചൂണ്ടിക്കാട്ടി.
മോദി ഗംഭീരമായി ജോലി ചെയ്യുന്നുണ്ടെന്നും ട്രംപ് പിന്നീട് പറഞ്ഞു. “ഇപ്പോൾ എന്റെറെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്‌തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര: റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി“-ട്രംപ് തൻ്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു. ട്രംപിനെപ്പോലെ തന്നെ ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാൻ പ്രതിജ്‌ഞാബദ്ധനാണെന്നും മോദി പറഞ്ഞു. ‘എന്റെ സുഹൃത്ത് പ്രസിഡൻ്റ് ട്രംപ്, നിങ്ങളുടെ ഫോൺ കോളിനും ജന്മദിനാശംസയ്ക്കും നന്ദി. നിങ്ങളെപ്പോലെ തന്നെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാൻ ഞാൻ പൂർണമായും പ്രതിജ്‌ഞാബദ്ധനാണ്. യുക്രെയ്‌ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും’-മോദി പറഞ്ഞു.
ഗുജറാത്തിലെ മെഹ്‌സാനയിൽ 1950 സെപ്റ്റംബർ 17-ന് ജനിച്ച മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികൾക്ക് കേന്ദ്രസർക്കാരും ബി ജെ പിയും ഇന്ന് തുടക്കമിടും. പിറന്നാൾ ദിനം പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യ പി. എം മിത്ര ടെക്‌സ്റ്റൈൽ പാർക്കിന് തറക്കല്ലിടും. ആദിവാസി ക്ഷേമം, വ്യവസായം എന്നിവയുൾപ്പെടെ നിരവധി പ്രധാന സംരംഭങ്ങൾ പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരം 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി ഇന്ന് നേരിട്ട് തുക കൈമാറുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോദിയുടെ പിറന്നാളിന്റെ ഭാഗമായി ബി ജെ പി നേതൃത്വത്തിൽ ഇന്നു മുതൽ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്‌വാഡ” (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകൾ, ശുചിത്വ ദൗത്യങ്ങൾ, പരിസ്ഥിതി ബോധവത്‌കണം, പ്രദർശനങ്ങൾ, സംഭാഷണ പരിപാടികൾ, വികലാംഗർക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തൺ’, കായികമേളകൾ, ചിത്രരചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൻ്റെ ഭാഗമായി ഡൽഹി നിയമസഭയിൽ ‘നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയൂ’ എന്ന പ്രത്യേക പ്രദർശനം ഇന്ന് മുതൽ സംഘടിപ്പിക്കുന്നു. 17 മുതൽ ഒക്ടോബർ രണ്ട് വരെയാണ് പ്രധാനമന്ത്രിയുടെ ജീവിത യാത്ര അനാവരണം ചെയ്യുന്ന പ്രദർശനം. പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരമുണ്ട്.